
ഇസ്താംബുൾ: പലസ്തീനിൽ ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ വിമർശനവുമായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദൊഗാൻ. ഈ ഭ്രാന്ത് ഉടൻ അവസാനിപ്പിക്കണമെന്നും ഗാസക്കെതിരായ ആക്രമണം നിർത്തണമെന്നും എർദൊഗാൻ ശനിയാഴ്ച ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
“ഇന്നലെ രാത്രി ഗാസയിൽ ഇസ്രായേൽ ബോംബാക്രമണം ശക്തമാവുകയും സ്ത്രീകളെയും കുട്ടികളെയും നിരപരാധികളായ സാധാരണക്കാരെയും വീണ്ടും ലക്ഷ്യം വച്ചതും നിലവിലുള്ള മാനുഷിക പ്രതിസന്ധി കൂടുതൽ വഷളാക്കുകയും ചെയ്തു,” എർദൊഗാൻ എക്‌സിൽ പറഞ്ഞു.
“ഇസ്രായേൽ ഉടൻ തന്നെ ഈ ഭ്രാന്ത് അവസാനിപ്പിക്കുകയും ആക്രമണങ്ങൾ നിർത്തുകയും വേണം.”
ഗാസയിൽ വെടിനിര്‍ത്തലിന് ആവര്‍ത്തിച്ചുള്ള ആഹ്വാനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസും രംഗത്തെത്തിയിരുന്നു. എല്ലാവരും ഉത്തരവാദിത്തം കാണിക്കണമെന്നും ചരിത്രം നമ്മെ എല്ലാവരേയും വിലയിരുത്തുമെന്നും ഗുട്ടെറെസ് എക്‌സിലൂടെ ആഹ്വാനം ചെയ്തു.
“പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തലിന് ഞാന്‍ ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്നു. എല്ലാ ബന്ദികളെയും ഉപാധികളില്ലാതെ മോചിപ്പിക്കണം. ജീവന്‍രക്ഷാ സാമഗ്രികള്‍ എത്തിക്കുന്നതില്‍ ഒരു തടസ്സവും ഉണ്ടാകരുത്. എല്ലാവരും ഉത്തരവാദിത്തം ഏറ്റെടുക്കണം. ഇത് സത്യത്തിന്റെ നിമിഷമാണ്. ചരിത്രം നമ്മെ വിലയിരുത്തും,” യുഎന്‍ സെക്രട്ടറി ജനറല്‍ എക്‌സില്‍ കുറിച്ചു.














