3,600 കഴുകന്മാരെ വേട്ടയാടി കൊന്ന ശേഷം വിറ്റു; രണ്ട് പേര്‍ക്കെതിരെ കുറ്റം ചുമത്തി യുഎസ് അറ്റോര്‍ണി

മൊണ്ടാന: അമേരിക്കയിലെ മൊണ്ടാനയില്‍ 3,600 ഓളം കഴുകന്മാരെ വേട്ടയാടിക്കൊന്ന രണ്ടു പേര്‍ കസ്റ്റഡിയില്‍. 2015 ജനുവരി മുതല്‍ 2021 മാര്‍ച്ച് വരെ ഫ്‌ലാറ്റ്ഹെഡ് ഇന്ത്യന്‍ റിസര്‍വേഷനിലും മറ്റിടങ്ങളിലുമായി 3600 ഓളം പക്ഷികളെ വേട്ടയാടിക്കൊന്ന രണ്ടുപേര്‍ക്കെതിരെ കുറ്റം ചുമത്തിയതായി ഡിസ്ട്രിക്റ്റ് ഓഫ് മൊണ്ടാനയിലെ യുഎസ് അറ്റോര്‍ണി ഓഫീസിന്റെ വക്താവ് അറിയിച്ചു. ഇവര്‍ക്ക് വര്‍ഷങ്ങളോളം തടവും 250,000 ഡോളര്‍ വരെ പിഴയും ലഭിക്കും.

മൊട്ട കഴുകന്മാരെയും സ്വര്‍ണ്ണ കഴുകന്മാരെയും വേട്ടയാടി അവയെ കരിഞ്ചന്തയില്‍ അനധികൃതമായി വിറ്റതിനാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സൈമണ്‍ പോള, ട്രാവിസ് ജോണ്‍ ബ്രാന്‍സണ്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്. കേസിനെക്കുറിച്ചും കുറ്റപത്രത്തെക്കുറിച്ചും കൂടുതല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്ന് മൊണ്ടാന ഡിസ്ട്രിക്റ്റിനായുള്ള യുഎസ് അറ്റോര്‍ണി ഓഫീസിന്റെ വക്താവ് പറഞ്ഞു. ജനുവരി 8-ന് മിസ്സൗളയിലെ കോടതിയില്‍ ഹാജരാകാന്‍ പ്രതികള്‍ക്ക് നോട്ടീസയച്ചു.