സൈനിക വിവരങ്ങൾ ചൈനക്ക് ചോർത്തി നല്‍കി; രണ്ട് യുഎസ് നാവികർ അറസ്റ്റില്‍

യുഎസ് സൈനിക വിവരങ്ങൾ ചൈനീസ് സർക്കാരിന് ചോർത്തി നല്‍കിയെന്ന ആരോപണത്തില്‍ രണ്ട് യുഎസ് നാവികർ അറസ്റ്റില്‍. ഇരുപത്തിരണ്ടുകാരനായ ചിംചാവോ വെയ്‌, ഇരുപത്തഞ്ചുകാരനായ വെൻഹെങ് ഷാവോ എന്നിവരെയാണ് രണ്ട് വ്യത്യസ്ത കേസുകളിലായി യുഎസ് നീതിന്യായ വകുപ്പ് അറസ്റ്റുചെയ്തത്.

പാട്രിക് വെയ് എന്നറിയപ്പെടുന്ന ചിംചാവോ വെയിനെ ചെെനക്കായി ചാരവൃത്തി നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് ബുധനാഴ്ചയാണ് അറസ്റ്റുചെയ്തത്. കെെക്കൂലി വാങ്ങി ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് രാജ്യത്തെ പ്രതിരോധ വിവരങ്ങള്‍ കെെമാറിയതിനാണ് തോമസ് ഷാവോ എന്നറിയപ്പെടുന്ന വെൻഹെങ് ഷാവോയെ കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും അറസ്റ്റ് യുഎസ് നീതിന്യായ വകുപ്പ് പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.

സാൻ ഡീയാഗോ നേവൽ ബേസിലെ വിമാനവാഹിനി യുദ്ധകപ്പലായ യുഎസ്എസ് എസെക്സില്‍ (uss Essex) മെഷിനിസ്റ്റായി ഡ്യൂട്ടി ചെയ്യവെ, ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് രാജ്യത്തെ പ്രതിരോധ വിവരങ്ങള്‍ കെെമാറിയെന്നാണ് പാട്രിക് വെയിന് എതിരായ കണ്ടെത്തല്‍. 2022 ഫെബ്രുവരി മുതല്‍ 2023 വരെയുള്ള കാലയളവില്‍, യുഎസ്എസ് എസെക്സിന്റെയും മറ്റ് യുഎസ് കപ്പലുകളുടെയും ഫോട്ടോകള്‍, വീഡിയോകള്‍, ബ്ലുപ്രിന്റുകള്‍, കപ്പലിന്റെ സാങ്കേതിക വിവരങ്ങള്‍, ആയുധ ശേഖരം, സെെനിക പരിശീലനം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ചോർത്തി നല്‍കുന്നതിനായി വെയ് ഗൂഢാലോചന നടത്തിയത്തിയെന്നും പല നിർണ്ണായക രേഖകളും രേഖകള്‍ കെെമാറിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ രീതികളാണ് വിവരങ്ങള്‍ കെെമാറുന്നതിനായി ഇവർ ഉപയോഗിച്ചിരുന്നത്. പ്രധാനപ്പെട്ട പല സന്ദേശങ്ങളും അറസ്റ്റിന് മുന്‍പ് നീക്കം ചെയ്തതായും സൂചനയുണ്ട്. രഹസ്യ രേഖകള്‍ക്ക് പകരം 5000 യുഎസ് ഡോളർ വെയ് കയ്പ്പറ്റിയതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ചൈനയില്‍ ജനിച്ച വെയ് യുഎസ് പൗരത്വം നേടുന്നതിനുള്ള നിയമനടപടികള്‍ ആരംഭിച്ച സമയത്താണ് ചെെനീസ് ഉദ്യോഗസ്ഥന്‍ ഇയാളെ സമീപിച്ചത്. പിന്നീട് വെയ് യുഎസ് പൗരത്വം നേടുകയും ചെയ്തിരുന്നു.

2021 ഓഗസ്റ്റിൽ, സമുദ്ര ഗവേഷകനെന്ന വ്യാജേന സമീപിച്ച ചൈനീസ് ഇന്റലിജൻസ് ഉദ്യോഗസ്ഥന് യുഎസ് പ്രതിരോധ വിവരങ്ങൾ കെെമാറി, പകരം കൈക്കൂലി വാങ്ങിയെന്നാണ് വെൻഹെങ് ഷാവോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. വെഞ്ചുറ കൗണ്ടി നേവൽ ബേസിലെ ഹ്യൂനെം തുറമുഖത്ത് ഡ്യൂട്ടി ചെയ്തിരുന്ന ഷോവോ ഇന്‍ഡോ-പസഫിക് മേഖലയിലെ സൈനികാഭ്യാസ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും, ജപ്പാനിലെ ഒരു സെെനിക താവളത്തിന്റെ രൂപരേഖയും ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ചോർത്തി നല്‍കിയത്.

2021 ഓഗസ്റ്റ് മുതൽ 2023 മെയ് വരെ ഇവർ തമ്മില്‍ ആശയവിനിമയമുണ്ടായിരുന്നു. ഇക്കാലയളവില്‍ നാവിക ഉദ്യോഗസ്ഥരുടെ സംഭാഷണങ്ങള്‍ രഹസ്യമായി റെക്കോർഡ് ചെയ്ത ഷാവോ ഇത് ചെെനീസ് ഇന്റലിജൻസ് ഉദ്യോഗസ്ഥന് കെെമാറി. ഈ വിവരങ്ങള്‍ക്ക് പകരം ഏകദേശം 14,866 ഡോളർ ഇയാള്‍ കെെക്കൂലിയായി കെെപ്പറ്റിയിരുന്നു. സെെനിക വിവരങ്ങള്‍ സംരക്ഷിക്കേണ്ട ഔദ്യോഗിക ചുമതലയില്‍ വീഴ്ച വരുത്തിയെന്ന കുറ്റമാണ് ഷാവോക്കെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്.

രാജ്യത്തോടുള്ള പ്രതിജ്ഞ ലംഘിച്ച് ചെെനീസ് സർക്കാരിനുവേണ്ടി ജനങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച വരുത്തുകയും അവരുടെ വിശ്വാസത്തെ വഞ്ചിക്കുകയുമാണ് പ്രതികള്‍ ചെയ്തതെന്ന് അസിസ്റ്റന്റ് അറ്റോർണി ജനറൽ മാത്യു ജി ഓൾസെൻ വ്യാഴാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു.