കുസാറ്റ് ദുരന്തത്തില്‍ വിശദീകരണവുമായി സര്‍വകലാശാല; അപകടത്തിന് പിന്നില്‍ രണ്ട് കാരണങ്ങള്‍

കൊച്ചി: കൊച്ചി സര്‍വകലാശാലയില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലു പേര്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി സര്‍വ്വകലാശാല അധികൃതര്‍. ഫെസ്റ്റിന്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് 6.30നാണ് സംഗീത പരിപാടി നിശ്ചയിച്ചിരുന്നത്. പരിപാടി തുടങ്ങിയെന്ന് തെറ്റിദ്ധരിച്ച് കുട്ടികളടക്കമുള്ളവര്‍ കൂട്ടത്തോടെ അകത്തേക്ക് കയറിയതാണ് അപകടമുണ്ടാകാനുള്ള ഒരു കാരണമെന്ന കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി ജി ശങ്കരന്‍ പറഞ്ഞു.

രണ്ടാമതായി അപകടത്തിനു കാരണമായത് ഗേറ്റ് തുറക്കുന്നിടത്തുള്ള കുത്തനെയുള്ള പടികളാണ്. ഈ പടികള്‍ അപകടത്തിന് കാരണമായെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതായും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. സംഗീത പരിപാടിക്കിടെ കുട്ടികളെ ഓഡിറ്റോറിയത്തിലേക്ക് കയറ്റിവിടുന്നതില്‍ വീഴ്ച സംഭവിച്ചിരുന്നു. എല്ലാവരേയും ഒന്നിച്ച് കയറ്റിയതോടെ അപകടമുണ്ടായെന്നും സ്‌റ്റൈപ്പുകളില്‍ കുട്ടികള്‍ വീണത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

അതേസമയം കുസാറ്റില്‍ സംഗീതനിശയ്ക്ക് പൊലീസ് അനുമതി തേടിയിട്ടില്ലെന്നാണ് ഡിസിപി കെ സുദര്‍ശനന്‍ പറഞ്ഞത്. ക്യാംപസിനകത്ത് അനുമതിയില്ലാതെ പൊലീസ് കയറാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരിപാടിയെ കുറിച്ച് പൊലീസിനെ വാക്കാല്‍ അറിയിച്ചിരുന്നതായി വൈസ് ചാന്‍സലര്‍ പറഞ്ഞു. പക്ഷേ ഇത്ര പൊലീസ് വേണമെന്ന് പറഞ്ഞിട്ടില്ലെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide