
വാഷിങ്ടൺ: ഇസ്രയേൽ ബന്ധമുള്ള കപ്പലുകൾക്കു നേരെ ചെങ്കടലിൽ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ തടയാൻ അന്താരാഷ്ട്ര സഖ്യം രൂപീകരിച്ച് അമേരിക്ക. ബഹ്റൈൻ, ബ്രിട്ടൻ, കനഡ, ഫ്രാൻസ്, ഇറ്റലി, നെതർലാന്റ്സ്, നോർവേ, സീഷെൽസ്, സ്പെയിൻ രാജ്യങ്ങളുമായി ചേർന്നാണ് ‘ഓപറേഷൻ പ്രൊസ്പെരിറ്റി ഗാർഡിയൻ’ രൂപീകരിച്ചിരിക്കുന്നത്. കപ്പലുകൾക്കു നേരെ നടക്കുന്ന ആക്രമണം അന്താരാഷ്ട്ര പ്രശ്നമാണെന്നും അത് നേരിടാൻ ഒന്നിച്ചുള്ള നീക്കങ്ങൾ അനിവാര്യമാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.
“യമനിൽ നിന്ന് ഉത്ഭവിക്കുന്ന ഹൂതി ആക്രമണങ്ങളുടെ സമീപകാല വർദ്ധനവ് വാണിജ്യത്തിന്റെ സ്വതന്ത്രമായ ഒഴുക്കിന് ഭീഷണിയാകുന്നു. നിരപരാധികളായ നാവികരെ അപകടത്തിലാക്കുന്നു, അന്താരാഷ്ട്ര നിയമം ലംഘിക്കുന്നു. അന്താരാഷ്ട്ര വ്യാപാരം സുഗമമായി നടക്കുന്നതിന് സുരക്ഷിതമായി പ്രവർത്തിക്കേണ്ട വാണിജ്യ ഇടനാഴിയാണ് ചെങ്കടൽ. സുരക്ഷിതമായ കപ്പൽ ഗതാഗതം എന്ന ആശയത്തിൽ വിശ്വസിക്കുന്ന എല്ലാ രാജ്യങ്ങളും, ചരക്കുകപ്പലുകൾക്കു നേരെ ആക്രമണം തടയാൻ ഒന്നിച്ചു നിൽക്കണം,”ലോയ്ഡ് ഓസ്റ്റിൻ പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ, ഓപറേഷൻ പ്രൊസ്പെരിറ്റി ഗാർഡിയൻ സഖ്യത്തിലുള്ള രാജ്യങ്ങൾ എങ്ങനെയാണ് ഹൂതികൾക്കെതിരായ നീക്കങ്ങളിൽ പങ്കാളിയാവുക എന്ന കാര്യം വ്യക്തമല്ല. നിലവിൽ യുഎസ്, യുകെ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകൾ മേഖലയിൽ ഉണ്ടെങ്കിലും മറ്റു രാജ്യങ്ങളുടെ സൈനിക സാന്നിധ്യമില്ല.