മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ യു. വിക്രമന്‍ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ നേതാവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ യു . വിക്രമന്‍ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം പിആര്‍എസ് ഹോസ്പിറ്റലില്‍ പുലര്‍ച്ചെ അഞ്ചരക്ക് ആയിരുന്നു അന്ത്യം. കമ്മ്യൂണിസ്റ്റ് ആചാര്യന്‍ സി ഉണ്ണിരാജയുടെയും മഹിളാ നേതാവ് ആയിരുന്ന രാധമ്മ തങ്കച്ചിയുടെയും മകനാണ്.

കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സ്ഥാപക നേതാവും സംസ്ഥാന പ്രസിഡന്റും ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റും ദേശീയ എക്‌സിക്യൂട്ടീവ് അംഗവും ആയിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് ഓണററി മെംബര്‍ ആണ്. ജനയുഗം കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍, നവയുഗം പത്രാധിപസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍മന്ത്രി എം. വി രാഘവന്റെ പേഴ്‌സനല്‍ സ്റ്റാഫ് അംഗമായും സേവനമനുഷ്ഠിച്ചു. സീതാ വിക്രമന്‍ ആണ് ഭാര്യ. മകന്‍- സന്ദീപ് വിക്രമന്‍ .തിരുവനന്തപുരം വലിയവിള മൈത്രി നഗറിലെ വസതിയില്‍ എത്തിച്ച ഭൗതികശരീരം ഉച്ചയ്ക്ക് രണ്ടു മണിക്ക് പട്ടത്തെ സിപിഐ സ്റ്റേറ്റ് കമ്മിറ്റി ഓഫിസിലും തുടര്‍ന്ന് തിരുവനന്തപുരം പ്രസ്‌ക്ലബിലും പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് അഞ്ചിന് ശാന്തികവാടത്തിലാണ് സംസ്‌കാരം.