
അബുദാബി: യുഎഇയില്‍ ഇനി മുതല്‍ അധ്യാപകരുടെ വര്‍ക് പെര്‍മിറ്റില്‍ പ്രൈവറ്റ് ട്യൂഷനും അനുമതി. തിങ്കളാഴ്ച മാനവിഭവ ശേഷി, എമിറൈറ്റസേഷന്‍ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി നടത്തിയ പ്രഖ്യാപത്തില്‍ വര്‍ക്ക് പെര്‍മിറ്റിന് യോഗ്യരായവര്‍ക്ക് സ്വകാര്യ ട്യൂഷന്‍ നടത്താനും ഇതുമൂലം അധിക വരുമാനം ഉണ്ടാക്കാനും അനുമതി ലഭിക്കും. നിയമവിരുദ്ധമായ സ്വകാര്യ ട്യൂഷനുകള്‍ തടയുക എന്ന് ലക്ഷ്യമിട്ടാണ് നടപടി.
പുതുക്കിയ നിയമം മൂലം ട്യൂഷന്‍ ക്ലാസുകള്‍ എടുക്കുന്നവര്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് എടുക്കണം. യോഗ്യരായ അധ്യാപകര്‍ക്ക് എംഒഎച്ച്ആര്‍ഇയുടെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ പെര്‍മിറ്റിനായി അപേക്ഷിക്കാവുന്നതാണ്. സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ സ്‌കൂളുകളിലെ രജിസ്റ്റര്‍ ചെയ്ത അധ്യാപകര്‍, സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍, തൊഴില്‍രഹിതരായ വ്യക്തികള്‍, 15 മുതല്‍ 18 വരെ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കും വര്‍ക് പെര്‍മിറ്റിനായി അപേക്ഷിക്കാവുന്നതാണ്.
സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനും ക്ലാസ് റൂമിന് പുറത്ത് സ്വകാര്യ ട്യൂട്ടറിംഗ് നല്‍കുന്നത് നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ നടപടി. പ്രൈവറ്റ് ട്യൂഷന്‍ നല്‍കാന്‍ യോഗ്യതയുള്ള വ്യക്തികള്‍ക്ക് പെര്‍മിറ്റ് ഏര്‍പ്പെടുത്തുന്നത് സ്വകാര്യ അധ്യാപകരെ റിക്രൂട്ട് ചെയ്യുമ്പോഴുള്ള നിയമവിരുദ്ധവും അനിയന്ത്രിതവുമായ നടപടികള്‍ തടയാന്‍ സഹായിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ അക്കാദമിക് കാര്യ അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ മുഅല്ല പറഞ്ഞു.
പ്രാക്ടീസിലെ മാറ്റം സ്വകാര്യ അധ്യാപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠന ശൈലിയും ആവശ്യങ്ങളും നിറവേറ്റുന്ന അനുബന്ധ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അല്‍ മുഅല്ല പറഞ്ഞു. പെര്‍മിറ്റ് ഇല്ലാതെ ഇനി പ്രൈവറ്റ് ട്യൂഷന്‍ വാഗ്ദാനം ചെയ്യുന്നവര്‍ തൊഴില്‍ നിയന്ത്രണം, എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍ തുടങ്ങി വകുപ്പുമായി ബന്ധപ്പെട്ട യുഎഇയിലെ നിയമങ്ങള്‍ പ്രകാരം ബന്ധപ്പെട്ട ഫെഡറല്‍ ഡിക്രി-ലോയില്‍ പറഞ്ഞിരിക്കുന്ന പിഴകള്‍ അടക്കേണ്ടി വരും.














