
തിരുവനന്തപുരം: വിഴിഞ്ഞത്ത് കപ്പലല്ല, ക്രെയിനാണ് വന്നതെന്നും തുറമുഖം കമ്മിഷൻ ചെയ്യാൻ ഇനിയും രണ്ടു വര്‍ഷമെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്രെയിൻ വന്നതിൻ്റെ പേരിൽ ഒന്നരക്കോടി രൂപ ചെലവാക്കി. വിഴിഞ്ഞം പദ്ധതി മുടക്കാൻ നടന്ന പാർട്ടിയായ സിപിഎമ്മിൻ്റെ മുഖ്യമന്ത്രി പിണറായി വിജയന് അവിടെ പോകാൻ എന്ത് യോഗ്യതയുണ്ടെന്നും സതീശൻ ചോദിച്ചു.യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“ജനങ്ങളുടെ മുന്നിൽ സർക്കാരിനെ വിചാരണ ചെയ്യുകയെന്നത് പ്രതിപക്ഷ ധർമമാണ്. അഴിമതിയുടെ ചെളിക്കുണ്ടിൽ വീണ സർക്കാരാണിത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ള നടത്തുകയാണ്. വിഴിഞ്ഞത്ത് പോകാൻ പിണറായിക്ക് എന്ത് യോഗ്യതയുണ്ട്? പദ്ധതി മുടക്കാൻ നോക്കിയവരാണ് സിപിഎം. എന്നിട്ട് നാണമില്ലാതെ ക്രെയിൻ വരുമ്പോൾ പച്ചക്കൊടിയും വീശി നിൽക്കുകയാണ്. എൽഡിഎഫ് ജനസദസ് നടത്തുമ്പോൾ യു ഡി എഫ് 140 കേന്ദ്രങ്ങളിലും വിചാരണ സദസ് നടത്തും. സർക്കാരിനെ വിചാരണ ചെയ്യും,” വിഡി സതീശൻ വ്യക്തമാക്കി.
സംസ്ഥാനത്ത് എന്ത് നടക്കുന്നുവെന്ന് പോലും ഉത്തരം പറയാൻ കഴിയാത്തവരാണ് ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കുറ്റപ്പെടുത്തി.
ഈ സ്ഥിതി തുടർന്നാൽ കേരളം വൈകാതെ പാപ്പരാകുമെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
”കാലം കുറേയായി ഞങ്ങളുണ്ടാക്കിയതിന് പച്ചക്കൊടി കാണിക്കാൻ എന്നല്ലാതെ സ്വന്തമായി ഒന്നും കൊണ്ടുവരാൻ ഇവർക്കായിട്ടില്ല. ഭാവനാ ശൂന്യതയാണ് ഈ സർക്കാരിന്റേത്. ഈ പോക്ക് പോയാൽ വൈകാതെ കേരളം പാപ്പരാകും, ” അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ഭരണ പരാജയം, അഴിമതി, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളില്‍ ‘സര്‍ക്കാരല്ലിത്, കൊള്ളക്കാര്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യുഡിഎഫിന്റെ രണ്ടാം സെക്രട്ടേറിയറ്റ് ഉപരോധ സമരം ആരംഭിച്ചത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നതാണ് ആവശ്യം. രാവിലെ ആറിന് ആരംഭിച്ച സമരത്തില്‍ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയുകയാണ്. സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളില്‍ മൂന്നെണ്ണം പൂര്‍ണമായും ഉപരോധിക്കുന്നുണ്ട്.
UDF secretariat blockade in Thiruvananthapuram against corruption and nepotism










