തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന മലയാള സിനിമ ‘ആര്‍ഡിഎക്‌സി’നെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിന്‍. ചിത്രം കൊള്ളാമെന്നും ഇന്ത്യയിലെ മികച്ച ആയോധന കല/ആക്ഷന്‍ സിനിമയാണിതെന്നും എല്ലാവരും കാണണമെന്നും ഉദയനിധി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
“RDX മലയാളം സിനിമ! കൊള്ളാം! ഇന്ത്യയിലെ മികച്ച ആയോധന കല/ആക്ഷന്‍ സിനിമ! തിയറ്ററില്‍ പോയി തന്നെ സിനിമ കാണൂ, പിന്തുണയ്ക്കൂ.. RDX ടീമിന് അഭിനന്ദനങ്ങള്‍,” എന്നാണ് ഉദയനിധി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഈ പോസ്റ്റ് നീരജ് മാധവ് പങ്കുവച്ചിട്ടുമുണ്ട്. “വളരെ നന്ദി സര്‍. ആര്‍ഡിഎക്‌സ് കേരളത്തിന് പുറത്ത് അംഗീകരിക്കപ്പെട്ടതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,” എന്നാണ് നീരജ് കുറിച്ചത്.
ഓഗസ്റ്റ് 25 ന് പുറത്തിറങ്ങിയ ചിത്രത്തിലെ പ്രധാന കഥാപാത്രമങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ്. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ആർ ഡി എക്‌സിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരു പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്നങ്ങളും അതേ തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
കെ.ജി.എഫ്, ബീസ്റ്റ്, വിക്രം എന്നീ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവ് ആണ് തീ പാറുന്ന ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. ബാബു ആന്റണി, ഐമ റോസ്മി, മഹിമ നമ്പ്യാർ, മാല പാർവതി തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് തിരക്കഥ. വീക്കെൻസ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം.