
ന്യൂഡല്‍ഹി: പഠനവും ജോലിയും ലക്ഷ്യമിട്ട് യുകെയിലേക്ക് പോകാനൊരുങ്ങുന്നവരെ നിരാശ്ശപ്പെടുത്തുന്ന വാര്‍ത്തയാണ് വിസ ഫീസ് വര്‍ധിപ്പിച്ച നടപടി. ആറുമാസത്തില്‍ താഴെ കാലാവധിയുള്ള വിസിറ്റിങ് വിസയുടെ ഫീസ് 11500 രൂപയായി (115 പൗണ്ട്) രൂപയായി വര്‍ധിപ്പിച്ചുകൊണ്ടുള്ള നടപടി ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 490 പൗണ്ട്, 50,000 രൂപയാണ് സ്റ്റുഡന്റ് വിസയ്ക്കുള്ള പുതുക്കിയ ഫീസ്. 37250 രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ഫീസ്. 12,750 രൂപയുടെ വര്‍ധനയാണ് ഇത്തവണ വരുത്തിയിരിക്കുന്നത്.
അതേസമയം യുകെയില്‍ ഹ്രസ്വകാല കോഴ്സുകള്‍ ചെയ്യുന്നവരെ സ്റ്റുഡന്റ് വിസാ ഫീസ് വര്‍ധിപ്പിച്ച നടപടി ബാധിക്കില്ല. ഇംഗ്ലീഷ് പഠിക്കാനും മറ്റു ചെറിയ കോഴ്‌സുകള്‍ക്കുമായി 11 മാസത്തില്‍ കവിയാതെയുള്ള കോഴ്സുകള്‍ തെരഞ്ഞെടുത്തവരുടെ ഫീസ് ഉയരില്ലെന്നാണ് യുകെ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. രണ്ടുവര്‍ഷം, അഞ്ചുവര്‍ഷം, പത്തുവര്‍ഷം എന്നിങ്ങനെ വിവിധ കാലാവധിയിലുള്ള വിസിറ്റിങ് വിസകളുടെ ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്. എന്‍ട്രി ക്ലിയറന്‍സിനും യുകെയില്‍ തുടരുന്നതിന് അപേക്ഷ നല്‍കുന്നതിനുമുള്ള ഫീസിനത്തിലുമാണ് വര്‍ധനവുണ്ടായിരിക്കുന്നത്.
വര്‍ക്ക്, വിസിറ്റിങ് വിസകളുടെ ഫീസില്‍ പതിനഞ്ച് ശതമാനത്തിന്റെ വര്‍ധനവും ഫാമിലി, സിറ്റിസണ്‍ഷിപ്പ്, സെറ്റില്‍മെന്റ് വിസകളുടെ ഫീസില്‍ ഇരുപത് ശതമാനവും വര്‍ധനവുമുണ്ടായിട്ടുണ്ട്. മൂന്ന് വര്‍ഷമോ അതില്‍ താഴെയോ കാലയളവില്‍ ജോലി ചെയ്യുന്നതിന് സര്‍ട്ടിഫിക്കറ്റ് സ്പോണ്‍സര്‍ഷിപ്പ് ലഭിച്ച വിദഗ്ധ തൊഴിലാളികളുടെ വിസ ഫീസ് 719 പൗണ്ട് (65000 രൂപ) ആയാണ് ഉയര്‍ന്നത്. മൂന്ന് വര്‍ഷത്തിന് മുകളിലാണെങ്കില്‍ ഇമിഗ്രേഷന്‍ ഫീസ് 1,29,000 രൂപ വരും.