
ലണ്ടൻ: ബ്രിട്ടനിൽ ഉടനീളം താപനില കൂപ്പുകുത്തുകയും രാജ്യം അതിശൈത്യത്തിലേക്കു നീങ്ങുകയും ചെയ്ത സാഹചര്യത്തിൽ ഇംഗ്ലണ്ടിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്.
അർദ്ധരാത്രി വരെയാണ് ജാഗ്രതാ നിർദേശം. യാത്രാ കാലതാമസത്തിനും പവർ കട്ടിനും സാധ്യതയുണ്ടെന്നും ഉൾപ്രദേശങ്ങൾക്ക് നഗരവുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കപ്പെടുമെന്നുമാണ് സൂചന.
കനത്ത മഞ്ഞുവീഴ്ചയുള്ളതിനാൽ ആവശ്യമെങ്കിൽ മാത്രം യാത്ര ചെയ്താൽ മതിയെന്ന് കുംബ്രിയയിലെ ഡ്രൈവർമാർക്ക് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാഹനമോടിക്കേണ്ടവർ പതുക്കെ വാഹനം ഓടിക്കണമെന്നും കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ഭക്ഷണം, വെള്ളം, പുതപ്പുകൾ, ചാർജ് ചെയ്ത മൊബൈൽ ഫോൺ എന്നിവ ഉൾപ്പെടെയുള്ള സാധനങ്ങൾ പായ്ക്ക് ചെയ്യണമെന്നും മുന്നറിയിപ്പ് നൽകുന്നു.
അതേസമയം സ്കോട്ട്ലാൻഡിൽ രാത്രിതാപനില -8 വരെയായി താഴും. പകൽ സമയങ്ങളിൽ ഇവിടെ ചിലയിടങ്ങളിൽ -2 താപനിലയും അനുഭവപ്പെടും. അതിശൈത്യം ഒരാഴ്‌ചയോളം മാത്രമേ തുടക്കത്തിൽ നീണ്ടുനില്ക്കൂ. അടുത്താഴ്‌ച്ച മുതൽ മഞ്ഞുവീഴ്ച്ച കുറയുകയും പകരം മഴയും കാറ്റും എത്തുമെന്നും പ്രവചനത്തിൽ പറയുന്നു.