സെനറ്റ് അംഗങ്ങളുമായുള്ള ചര്‍ച്ചക്കായി യുക്രെയിന്‍ പ്രസിഡന്റ് യു.എസിലേക്ക്; യു.എന്‍ ജനറല്‍ അസംബ്ളിയിലും പങ്കെടുക്കും

വാഷിംഗ്ടണ്‍: അമേരിക്കയിലെത്തുന്ന യുക്രെയിന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കിയുമായി വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് സെനറ്റ് അംഗങ്ങളുടെ കൂടിക്കാഴ്ച. ഭൂരിപക്ഷ നേതാവ് ച്യൂക് സ്കമ്മര്‍, ന്യൂനപക്ഷ നേതാവ് മിച്ച് മക്കോണല്‍, മറ്റ് സെനറ്റ് അംഗങ്ങള്‍ എന്നിവരുമായി സെലന്‍സ്കി ചര്‍ച്ച നടത്തും.

വ്യാഴാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയും സെലന്‍സ്കി നടത്തുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പാണ് സെനറ്റ് നേതാക്കളുമായുള്ള ചര്‍ച്ച. കഴിഞ്ഞ ജൂലായില്‍ നാറ്റോ ഉച്ചകോടിക്കിടെ ബൈഡനും സെലന്‍സ്കിയും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈമാസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്‍ കിവ് സന്ദര്‍ശിച്ചിരുന്നു. സെലന്‍സ്കിയുനായും യുക്രെയിന്‍ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിരുന്നു. യുക്രെയിന്റെ ആവശ്യങ്ങള്‍ സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ അന്ന് നടന്നു. ആ കൂടിക്കാഴ്ചക്ക് ശേഷം 500 മില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം യുക്രെയിന് അമേരിക്ക നല്‍കിയിരുന്നു. 100 മില്ല്യന്‍ ഡോളര്‍ ആയുധങ്ങള്‍ ശേഖരിക്കുന്നതിനും 90 മില്ല്യണ്‍ ഡോളര്‍ മാനുഷിക സഹായവും, 300 മില്ല്യണ്‍ ഡോളര്‍ വിമോചിത പ്രദേശങ്ങളിലെ നിയമനിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കാനായാണ് സാമ്പത്തിക സഹായം അനുവദിച്ചത്.

അമേരിക്ക നല്‍കുന്നത് സാമ്പത്തിക സഹായമല്ല മറിച്ച് ആഘോഷ സുരക്ഷക്കായുള്ള നിക്ഷേപമാണെന്ന് സെലന്‍സ്കി പ്രതികരിച്ചു. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടുപിടിച്ച് തുടരുമ്പോള്‍ യുക്രെയിന്‍ വിഷയത്തില്‍ എന്തൊക്കെ ചെയ്തു എന്നതില്‍ വിശദമായ അവലോകനങ്ങള്‍ നടക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പിന്മാറ്റമടക്കം നിരവധി അന്താരാഷ്ട്ര വിഷയങ്ങളില്‍ അമേരിക്കന്‍ നിലപാടുകള്‍ ചര്‍ച്ചയാകുന്നുണ്ട്.

യുക്രെയിന് വാക്കുകള്‍ കൊണ്ടുള്ള പിന്തുണക്കപ്പുറം ആദ്യഘട്ടത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ അമേരിക്കയ്ക്ക് സാധിച്ചില്ല എന്ന വിമര്‍ശനമുണ്ട്. അതൊക്കെ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോള്‍ ബൈഡന്‍ നേതൃത്വം. അതിനിടയിലാണ് സെലന്‍സ്കി യു.എസില്‍ എത്തി സെനറ്റ് നേതാക്കളെ കാണുന്നത്.

Ukrainian President Zelensky holds talks with Senate leaders in Washington