
ന്യൂയോർക് : യുദ്ധം അതിരൂക്ഷമായ ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയം യുഎന്‍ പൊതുസഭ അംഗീകരിച്ചു. ജോര്‍ദാൻ്റെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങള്‍ ഒന്നിച്ച് യുഎൻ ജനറൽ അസംബ്ലിയിൽ പ്രമേയം അവതരിപ്പിച്ചു. നിരാലംബരായ പലസ്തീന്‍ ജനതയ്ക്ക് സഹായം എത്തിക്കാന്‍ മേഖലയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നായിരുന്നു പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇരുപക്ഷവും ബന്ദികളാക്കിയവരെ ഉപാധികളില്ലാതെ മോചിപ്പിക്കണം, അടിയന്തരമായി ഗാസയിലേക്ക് ഇന്ധനവും വൈദ്യുതിയും മെഡിക്കല്‍ സഹായങ്ങളും എത്തിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രമേയത്തിലെ ആവശ്യങ്ങൾ
120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ഇസ്രയേലും അമേരിക്കയും ഉള്‍പ്പടെ 14 രാജ്യങ്ങൾ എതിര്‍ത്ത് വോട്ട് ചെയ്തു. ഇന്ത്യ ഉള്‍പ്പടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു.
ഇസ്രയേലിനും അമേരിക്കയ്ക്കും പുറമേ ഹംഗറി, ഓസ്ട്രിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഫിജി, ഗ്വാട്ടിമാല, മാര്‍ഷല്‍ ഐലന്‍ഡ്, പാപ്പുവ ന്യൂഗിനി, പരാഗ്വായ് ടോംഗ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തു വോട്ട് ചെയ്തത്. അതേസമയം സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെയും ജനറല്‍ അസംബ്ലി അംഗീകരിച്ചു.
പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഹമാസിന്റെ ആക്രമണങ്ങളെ അപലപിക്കണമെന്ന് ചൂണ്ടിക്കാട്ടി കാനഡ അവതരിപ്പിച്ച ഭേദഗതിക്ക് അനുകൂലമായി ഇന്ത്യ വോട്ട് രേഖപ്പെടുത്തി. ഭേദഗതിയെ അനുകൂലിച്ച് ഇന്ത്യ ഉള്‍പ്പടെ 88 രാജ്യങ്ങള്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 55 രാജ്യങ്ങള്‍ എതിര്‍ത്തു. 23 രാജ്യങ്ങള്‍ വിട്ടുനിന്നു. ഇതിനു മുമ്പ് ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയങ്ങള്‍ സ്ഥിരാംഗങ്ങള്‍ വീറ്റോ ചെയ്തതിനേത്തുടര്‍ന്ന് നിരസിക്കപ്പെട്ടിരുന്നു. അമേരിക്കയാണ് സ്ഥിരമായി പ്രമേയം വീറ്റോ ചെയ്തിരുന്നത്.
ലോകരാജ്യങ്ങള്‍ ഒന്നടങ്കം അനുകൂലിച്ച പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള കാരണം വെളിപ്പെടുത്താന്‍ ഇന്ത്യന്‍ പ്രതിനിധിയായ യോജ്‌ന പട്ടേല്‍ വിസമ്മതിച്ചു. ഗാസയിലെ സ്ഥിതിഗതികള്‍ ആശങ്ക ഉളവാക്കുന്നതാണെന്നും മേഖലയിലെ സംഘര്‍ഷത്തെ ഇന്ത്യ ഗൗരവമായിത്തന്നെയാണ് കാണുന്നതെന്നും ആവര്‍ത്തിച്ച അവര്‍ സംഘര്‍ഷത്തിന് ഇരുപക്ഷവും കാരണക്കാരാണെന്നും ചൂണ്ടിക്കാട്ടി.ഹമാസിനെ അപലപിക്കാനുള്ള ഭേദഗതിയെ അംഗീകരിച്ചു സംസാരിച്ച ഇന്ത്യന്‍ പ്രതിനിധി പക്ഷേ ഹമാസിന്റെ പേരെടുത്തു പറയാതെയാണ് വിമര്‍ശനം ഉന്നയിച്ചത്.
UN General Assembly adopts Gaza resolution calling for immediate Ceasefire















