
ലക്‌നൗ: ഡിസംബറിന്റെ തണുപ്പില്‍ കുട്ടികള്‍ കുളിക്കാന്‍ മടിക്കുന്നത് സ്വാഭാവികമാണ്. അത്തരത്തില്‍ കുളിക്കാതെ സ്‌കൂളിലെത്തിയ കുട്ടികളെ ടാങ്കില്‍ വെള്ളം പമ്പ് ചെയ്ത് നിറച്ച് കുളിപ്പിച്ചിരിക്കുകയാണ് യു.പിയിലെ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പല്‍. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം.
ഇവിടെ ഒരു സ്‌കൂളിലെ കുട്ടികള്‍ കുളിക്കാതെ പഠിക്കാനെത്തിയിരുന്നു. ഇതറിഞ്ഞ പ്രിന്‍സിപ്പല്‍ സബ്മേഴ്സിബിള്‍ പമ്പ് ആരംഭിച്ച് കുട്ടികളെ അവിടെ കുളിപ്പിച്ചു. ഇതിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ വീഡിയോ വൈറലായതോടെ പ്രിന്‍സിപ്പലിന്റെ ഈ നിലപാട് പലര്‍ക്കും ഇഷ്ടമായില്ല. ഇത് സംബന്ധിച്ച പരാതി വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
ബറേലിയിലെ ഫരീദ്പൂരിലെ ഛത്രപതി ശിവാജി ഇന്റര്‍ കോളേജിലെ പ്രിന്‍സിപ്പല്‍ രണ്‍വിജയ് സിംഗിന് കുറച്ച് കുട്ടികള്‍ കുളിക്കാതെ ക്ലാസില്‍ വരുന്നതായി ദിവസങ്ങളായി പരാതികള്‍ ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഇതുകാരണം ക്ലാസില്‍ ദുര്‍ഗന്ധം വമിക്കുന്നതായി മറ്റു കുട്ടികള്‍ പറഞ്ഞു. ഡിസംബര്‍ 18ന് കുട്ടികളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കുളിക്കാതെയാണ് വന്നതെന്ന് ചിലര്‍ സമ്മതിച്ചതായി വെളിപ്പെടുത്തി. ഇതിനുശേഷം പ്രിന്‍സിപ്പല്‍ മുങ്ങിക്കുളിക്കാവുന്ന ടാങ്കില്‍ വെള്ളം നിറച്ച് കുട്ടികളെ കുളിപ്പിച്ചു. കുളികഴിഞ്ഞ് വിദ്യാര്‍ഥികള്‍ വസ്ത്രം മാറി ക്ലാസിലെത്തി.
സംഭവത്തെക്കുറിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നതിങ്ങനെ ; പലതവണ പറഞ്ഞിട്ടും കുട്ടികള്‍ കുളിക്കാതെയാണ് സ്‌കൂളിലേക്ക് വരുന്നത് അതുകൊണ്ടാണ് ഇങ്ങനെയൊരു നടപടി സ്വീകരിക്കേണ്ടി വന്നത്. കുട്ടികള്‍ ശുചിത്വം പാലിച്ചാല്‍ പഠനത്തില്‍ താല്‍പ്പര്യമുണ്ടാകുമെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് കുട്ടികള്‍ കുളിച്ചതെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. കുളികഴിഞ്ഞ് കുട്ടികളുടെ വസ്ത്രം മാറ്റി ചായ നല്‍കിയിരുന്നതായും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
അതേസമയം, സ്‌കൂളിനെതിരെയും പ്രിന്‍സിപ്പലിനെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. കുട്ടികള്‍ കുളിക്കുന്നില്ലെങ്കില്‍ രക്ഷിതാക്കളോട് പരാതി പറയണമെന്നും സ്‌കൂളില്‍ ഏതെങ്കിലും കുട്ടിയെ കുളിപ്പിക്കുന്നത് തെറ്റാണെന്നും ബറേലിയിലെ ജില്ലാ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസര്‍ ദേവകി സിംഗ് പറഞ്ഞു. പലതവണ പറഞ്ഞിട്ടും കുട്ടി ഇങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ പ്രിന്‍സിപ്പല്‍ മാതാപിതാക്കളെ വിളിച്ച് പരാതി പറയണം. കുട്ടികളെ സ്‌കൂളില്‍ വെച്ച് തന്നെ കുളിപ്പിക്കണമെന്ന് നിയമമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പലിനെതിരെ ചട്ടപ്രകാരം നടപടിയെടുക്കാനാണ് നീക്കം.













