
ഗാസ: ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷത്തിനിടെ ഹമാസ് നഗ്നയാക്കി ട്രക്കിൽ കയറ്റിക്കൊണ്ടുപോയ ജർമൻ യുവതി ഷാനി ലൂക്കിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇസ്രയേൽ സൈന്യമാണ് ഗാസയിൽ ഷാനിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ഷാനി തന്നെയാണെന്ന് യുവതിയുടെ കുടുംബവും ഇസ്രയേൽ സർക്കാരും സ്ഥിരീകരിച്ചു.
“എന്റെ സഹോദരിയുടെ മരണം ഞങ്ങൾ വളരെ സങ്കടത്തോടെ അറിയിക്കുന്നു,” ഷാനിയുടെ സഹോദരി ആഡി ലൂക്ക് സോഷ്യൽ മീഡിയയിൽ പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നു കയറി ഹമാസ് നടത്തിയ ആക്രമണത്തിലാണ് 23-കാരിയായ ഷാനി ലൂക്കിനെ ബന്ദിയാക്കുന്നത്. യുവതിയെ നഗ്‌നയായ നിലയില്‍ ട്രക്കില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഹമാസ് സംഘം യുവതിയുടെ പുറത്ത് കയറി ഇരിക്കുന്നതും യുവതിയുടെ ദേഹത്ത് തുപ്പുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.
ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഷാനി ലൂക്ക് അടക്കമുള്ളവര്‍ക്ക് നേരേ ഹമാസിന്റെ ആക്രമണമുണ്ടായത്. യുവതി കൊല്ലപ്പെട്ടതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നെങ്കിലും ഇസ്രയേൽ ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടെ യുവതിയുടെ ക്രെഡിറ്റ് കാർഡിൽ നിന്ന് പണം നഷ്ടപ്പെട്ടതായി മാതാവ് റിക്കാർഡ ലൂക്ക് വ്യക്തമാക്കുകയും ചെയ്തിരുന്നു.