രജിസ്റ്റർ ചെയ്യാത്ത മദ്രസകൾക്ക് പ്രതിദിനം 10,000 രൂപ പിഴ ചുമത്തി യുപി വിദ്യാഭ്യാസ വകുപ്പ്

മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന മദ്രസകൾ പ്രതിദിനം 10,000 രൂപ പിഴ അടയ്‌ക്കേണ്ടിവരുമെന്ന് കാണിച്ച് ഉത്തർപ്രദേശിലെ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് പുറപ്പെടുവിച്ചു. കൃത്യമായ രജിസ്ട്രേഷനില്ലാതെ പ്രവർത്തിക്കുന്ന പത്തോളം മദ്രസകൾക്ക് അടിസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ നോട്ടീസ് നൽകുകയും ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ഉത്തർപ്രദേശിൽ ഏകദേശം 24,000 മദ്രസകൾ ഉണ്ടെന്നും അതിൽ 16,000 അംഗീകൃതവും 8,000 മദ്രസകൾക്ക് അംഗീകാരമില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.

നോട്ടീസ് നൽകിയ മദ്രസകളോട് ഉത്തരവ് ലഭിച്ച് മൂന്ന് ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം ചട്ടങ്ങൾക്കനുസൃതമായി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മദ്രസകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയാൽ പ്രതിദിനം 10,000 രൂപ പിഴ ഈടാക്കുമെന്നും നോട്ടീസിൽ പറയുന്നു.

ഇവിടെ പ്രവർത്തിക്കുന്ന നൂറിലധികം മദ്രസകൾക്ക് ജില്ലയിൽ രജിസ്ട്രേഷനോ അംഗീകാരമോ ഇല്ലെന്നും മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെന്നും ജില്ലാ ന്യൂനപക്ഷ വകുപ്പ് തന്റെ ഓഫീസിനെ അറിയിച്ചതായി മുസഫർനഗർ ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) ശുഭം ശുക്ല പറഞ്ഞു.

അതേസമയം മദ്രസകൾക്ക് മേലുള്ള നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജമിയത്ത് ഉലമ-ഇ-ഹിന്ദ് രം​ഗത്തെത്തിയിരുന്നു. മദ്രസകൾ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നു, അവർക്ക് പ്രതിദിനം 10,000 രൂപ പിഴ അടയ്‌ക്കാൻ കഴിയില്ലെന്നും ഇത് നിയമവിരുദ്ദമാണെന്നും ജമിയത്ത് ഉലമ-ഇ-ഹിന്ദിന്റെ ഉത്തർപ്രദേശ് യൂണിറ്റ് സെക്രട്ടറി മൗലാന സക്കീർ ഹുസൈൻ പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ നാലായിരത്തോളം മദ്രസകളിലേക്ക് ലഭിക്കുന്ന ഫണ്ടുകളെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവുണ്ട്. ഇത് പ്രത്യേക അന്വേഷണ ഏജൻസികളെയും നിയോ​ഗിച്ചിട്ടുണ്ട്. മദ്രസകൾക്ക് ലഭിച്ച ഫണ്ട് തീവ്രവാദമോ നിർബന്ധിത മതപരിവർത്തനമോ പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

More Stories from this section

family-dental
witywide