
ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് റഷ്യ അവതരിപ്പിച്ച പ്രമേയം തള്ളി യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍. സിവിലിയന്‍മാര്‍ക്ക് എതിരായ എല്ലാ ആക്രമണങ്ങളെയും ശക്തമായി അപലപിച്ച പ്രമേയം ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തെ കുറിച്ച് പരാമര്‍ശിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം തള്ളിയത്.
ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം യുഎന്നില്‍ ചര്‍ച്ച ചെയ്ത ആദ്യ പ്രമേയം ആയിരുന്നു റഷ്യയുടേത്. ബ്രസീല്‍ അവതരിപ്പിക്കുന്ന പ്രമേയം ചൊവ്വാഴ്ച ചര്‍ച്ച ചെയ്യും. ഗാസയില്‍ ഉടന്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യണമെന്നും ബന്ദികളെ എത്രയും വേഗം മോചിപ്പിക്കണമെന്നും സംഘര്‍ഷ മേഖലയില്‍ നിന്ന് സിവിലിയന്‍മാരെ ഉടന്‍ മോചിപ്പിക്കണമെന്നുമാണ് റഷ്യ പ്രമേയത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ എന്നാല്‍, 15 അംഗ സെക്യൂരിറ്റി കൗണ്‍സിലില്‍ അഞ്ച് വോട്ട് മാത്രമാണ് പ്രമേയത്തിന് ലഭിച്ചത്.
കൗണ്‍സിലില്‍ ഒരു പ്രമേയം അംഗീകരിക്കപ്പെടണമെങ്കില്‍, അനുകൂലമായി കുറഞ്ഞത് 9 വോട്ടുകളെങ്കിലും ലഭിക്കണം. അഞ്ച് സ്ഥിരാംഗങ്ങളില്‍ ആരും എതിര്‍ക്കുകയോ വീറ്റോ ചെയ്യുകയോ ചെയ്യാനും പാടില്ല. റഷ്യയ്ക്ക് പുറമേ ചൈന, ഗാബോണ്‍, മൊസംബിക്, യുഎഇ എന്നിവരാണ് പ്രമേയത്തെ അനുകൂലിച്ചത്. ഫ്രാന്‍സ്, ജപ്പാന്‍, യുകെ, യുഎസ് എന്നിവര്‍ പ്രമേയത്തിന് എതിരായ് വോട്ട് ചെയ്തു. അല്‍ബേനിയ, ബ്രസീല്‍, ഇക്വഡോര്‍, ഘാന, മാള്‍ട്ട, സ്വിസര്‍ലന്‍ഡ് എന്നിവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ഹമാസിനെക്കുറിച്ച് യാതൊരു തരത്തിലുള്ള പരാമര്‍ശവും നടത്താത്തതിലൂടെ സാധാരണക്കാരോട് ക്രൂരത കാട്ടിയ ഒരു ഭീകര സംഘടനയ്ക്ക് കവചം തീര്‍ക്കുകയാണ് റഷ്യയെന്ന് അമേരിക്ക ആരോപിച്ചു. ഹമാസിന്റെ ഭീകരതയെ അവഗണിച്ച്, ഇരകളെ അപമാനിക്കുന്ന റഷ്യയുടെ പ്രമേയത്തെ പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്നും അമേരിക്ക കൂട്ടിച്ചേര്‍ത്തു. ഹമാസിനെ പരാമര്‍ശിക്കാതെയുള്ള റഷ്യയുടെ പ്രമേയം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് യുകെയും സ്വീകരിച്ചത്.















