‘ഞാന്‍ മരിച്ചിട്ടില്ല സാര്‍’; കൊലപാതകക്കേസ് പരിഗണിക്കവെ കൊല്ലപ്പെട്ട കുട്ടി ജീവനോടെ സുപ്രീംകോടതിയില്‍

ദില്ലി: പതിനൊന്നു വയസ്സുകാരന്‍ കൊല്ലപ്പെട്ട കേസില്‍ വാദം നടക്കുന്നതിനിടെ സുപ്രീംകോടതിയില്‍ നാടകീയ സംഭവങ്ങള്‍. കേസ് പരിഗണിക്കുന്നതിനിടെ കൊല്ലപ്പെട്ട 11കാരന്‍ ജീവനോടെ ജഡ്ജിമാര്‍ക്ക് മുന്നിലെത്തി. കഴിഞ്ഞയാഴ്ച സുപ്രീം കോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

പതിനൊന്നു വയസ്സുകാരനെ ഭാര്യയുടെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് വാദം നടന്നുകൊണ്ടിരുന്നത്. ഈ സമയത്താണ് കൊല്ലപ്പെട്ടെന്നു പറയപ്പെടുന്ന പതിനൊന്നു വയസ്സുകാരന്‍ ജീവനോടെ കോടതിയിലെത്തിയത്. താന്‍ മരിച്ചിട്ടില്ലെന്നും മുത്തച്ഛനെയും അമ്മാവന്മാരെയും കള്ളക്കേസില്‍ കുടുക്കാന്‍ അച്ഛനാണ് തന്റെ കൊലപാതക കഥ ആസൂത്രണം ചെയ്തതെന്നും കുട്ടി വെളിപ്പെടുത്തി.

കഥയില്‍ വന്‍ ട്വിസ്റ്റുണ്ടായതിനെത്തുടര്‍ന്ന് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പരാതിക്കാര്‍ക്കെതിരെ നടപടികളൊന്നും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യം വ്യക്തമാക്കി യുപി സര്‍ക്കാര്‍, പിലിഭിത്തിലെ പൊലീസ് സൂപ്രണ്ട്, നൂറിയ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചു.

സ്ത്രീധനം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് ഭാര്യയെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നും ഒടുവില്‍ അവരുടെ മരണത്തിനു ശേഷം കുട്ടി അമ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. മകളുടെ മരണത്തില്‍ മരുമകനെതിരെ കുട്ടിയുടെ മുത്തച്ഛന്‍ കേസു കൊടുത്തിരുന്നു. ഇതിനു പ്രതികാരമായാണ് കുട്ടി കൊല്ലപ്പെട്ടെന്നും കൊന്നത് ഭാര്യാപിതാവാണെന്നും കാട്ടി കുട്ടിയുടെ പിതാവ് ഭാര്യപിതാവിനും ഭാര്യസഹോദരന്മാരായ നാല് പേര്‍ക്കുമെതിരെ കേസുകൊടുത്തത്. തുടര്‍ന്ന് കേസ് സുപ്രീം കോടതിയിലെത്തിയപ്പോഴാണ് കുഞ്ഞിനെ ജീവനോടെ ഹാജരാക്കിയത്.

More Stories from this section

family-dental
witywide