ഷാജഹാൻപൂർ: ഒന്നരവയസുള്ള മകളെ തോളിലേറ്റി നടക്കുന്നതിനിടെ യുവാവിന് വെടിയേറ്റു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബൈക്കിലെത്തിയ അക്രമികളാണ് യുവാവിന്റെ തലക്ക് നേരെ നിറയൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ ശുഐബ് (28) ആശുപത്രിയിൽ ചികിത്സയിലാണ്. വെടിയേറ്റുവീണ ശുഐബിനെ ആദ്യം രാജ്കിയ മെഡിക്കൽ കോളേജിലെത്തിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്ന് ബറേലിയിലെ ആശുപത്രിയിലേക്കും തുടർന്ന് ഡൽഹിയിലേക്കും റഫർ ചെയ്തിട്ടുണ്ട്.പരിക്കേറ്റ മകളും ചികിത്സയിലാണ്.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മകളെ തലയിലേറ്റി റോഡിലൂടെ നടന്നുപോകുകയായിരുന്നു ശുഐബ്. ഈ സമയത്ത് ബൈക്കിൽ രണ്ടുപേർ ആദ്യം മുന്നോട്ട് പോകുന്നത് കാണാം. ശേഷം ബൈക്ക് അവിടെ നിർത്തി. ഈ സമയത്താണ് തോക്കുമായി ഒരാൾ അടുത്തേക്ക് വന്ന് തലക്ക് നേരെ വെടിവെക്കുന്നത്. യുവാവ് നിലത്തേക്ക് വീണതോടെ മകളും തെറിച്ചുവീണു. തുടർന്ന് അക്രമി സംഘം ബൈക്കിൽ ഓടി രക്ഷപ്പെട്ടു. ശബ്ദം കേട്ട് നാട്ടുകാരെല്ലാം ഓടിയെത്തുന്നതും വീഡിയോയിൽ കാണാം.
ഈ മാസം 13 നാണ് സംഭവം നടന്നതെന്നാണ് ഷാജഹാൻപൂർ പൊലീസ് പറയുന്നത്. ഞായറാഴ്ച രാത്രി 7.30 ഓടെ മകളെ തോളിലേറ്റി ബന്ധുവീട്ടിലേക്ക് നടക്കുകയായിരുന്നു ശുഐബ്. 15 വർഷം മുമ്പ് ശുഐബ് കുടുംബത്തോടൊപ്പം പഞ്ചാബിലെ അമൃത്സറിലേക്ക് താമസം മാറിയിരുന്നു. സംഭവത്തിന് രണ്ട് ദിവസം മുമ്പാണ് കുടുംബ പരിപാടിയിൽ പങ്കെടുക്കാനായി ഷാജഹാൻപൂരിയിലെത്തിയത്.