യാത്രക്കാരുടെ ലഗേജിൽ നിന്നും പണം മോഷ്ടിച്ച് വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർ; യുഎസിൽ നിന്നുള്ള വീഡിയോ വൈറൽ

മയാമി: യുഎസിലെ മയാമി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ (ടിഎസ്‌എ) ജീവനക്കാർ യാത്രക്കാരുടെ ബാഗുകളിൽ നിന്ന് പണവും മറ്റ് സാധനങ്ങളും മോഷ്ടിക്കുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലാകുന്നു. ഈ വർഷം ജൂൺ 29 ന് യാത്രക്കാരുടെ ലഗേജിൽ നിന്ന് 600 ഡോളറും മറ്റ് വസ്തുക്കളും മോഷണം പോയി. 20-കാരനായ ജോസു ഗോൺസാലസ്, 33-കാരനായ ലാബറിയസ് വില്യംസ് എന്നിവർ സംഭവത്തെ തുടർന്ന് ജൂലൈയിൽ അറസ്റ്റിലായിരുന്നു. ഇതിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറലായിരിക്കുന്നത്

എക്‌സ്‌റേ മെഷീനിലേക്കുള്ള വഴിയിൽ കടത്തുന്ന വാലറ്റുകളിൽ നിന്നും പേഴ്‌സുകളിൽ നിന്നും പണം മോഷ്ടിക്കാൻ ജീവനക്കാർ ഒരുമിച്ച് പ്രവർത്തിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു ഉദ്യോഗസ്ഥൻ വാലറ്റിനുള്ളിൽ കൈ വയ്ക്കുന്നതും പണം സ്വന്തം പോക്കറ്റിലേക്ക് കടത്തുന്നതും ദൃശ്യങ്ങളിൽ കാണാം.

‌ മയാമി-ഡേഡ് കൗണ്ടി ജയിൽ രേഖകൾ അനുസരിച്ച് ടർണർ ഗിൽഫോർഡ് നൈറ്റ് ഡിറ്റൻഷൻ സെന്ററിലാണ് പ്രതികൾ ഇപ്പോഴുള്ളത്. ജോസുവും ഗോൺസാലസും യാത്രക്കാരിൽ നിന്ന് ഇത്തരത്തിൽ നിരവധി തവണ പണവും മറ്റും മോഷ്ടിച്ചതായി സമ്മതിച്ചു. ഒരുമിച്ച് ജോലി ചെയ്യുമ്പോൾ പ്രതിദിനം ശരാശരി 1,000 ഡോളർ മോഷ്ടിച്ചതായിട്ടാണ് ഇവർ വെളിപ്പെടുത്തിയിരിക്കുന്നത്. ഇരു ജീവനക്കാരെയും അന്വേഷണ നടപടികൾ പൂർത്തിയാക്കുന്നത് വരെ സ്‌ക്രീനിങ് ചുമതലകളിൽ നിന്ന് നീക്കിയതായി ടിഎസ്‌എ അറിയിച്ചു.