
വാഷിംഗ്ടണ്‍: ഗാസയിലെ തീവ്രമായ പോരാട്ടം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് അമേരിക്ക ഇസ്രായേലിനോട് അഭ്യര്‍ത്ഥിച്ചു. ജനങ്ങളെ കൊലപ്പെടുത്തുന്നതില്‍ ഇസ്രായേല്‍ അന്താരാഷ്ട്ര രോഷവും അമേരിക്കയില്‍ നിന്ന് അപൂര്‍വമായ വിമര്‍ശനങ്ങളും തുടരുന്നതിനിടെയാണ് വീണ്ടും അമേരിക്ക ഇസ്രയേലിന് നിര്‍ദേശവുമായി എത്തിയിരിക്കുന്നത്.
അതേസമയം, ഇസ്രായേല്‍ റെയ്ഡിനെ തുടര്‍ന്ന് 12 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി വിവരമുണ്ട്. ഇത് ഡസന്‍ കണക്കിന് ഭീകരരെ പിടികൂടാന്‍ സഹായിച്ചതായി ഐഡിഎഫ് പറഞ്ഞു.
ഗാസയിലെ സാധാരണക്കാരെ സംരക്ഷിക്കാന്‍ ഇസ്രായേല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ഭീകര സംഘടനയായ ഹമാസിനെതിരായ ആക്രമണം ഇസ്രായേല്‍ കുറയ്ക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നതായി ബൈഡന്‍ പറഞ്ഞു. വാഷിംഗ്ടണിനടുത്തുള്ള ഒരു മെഡിക്കല്‍ റിസര്‍ച്ച് സെന്ററില്‍ നടന്ന പരിപാടിയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ബൈഡന്‍ ജനങ്ങളുടെ ജീവന്‍ എങ്ങനെ രക്ഷിക്കാമെന്നതില്‍ ഇസ്രയേല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞു. ഹമാസിനെ പിന്തുടരുന്നത് നിര്‍ത്തരുത്, പക്ഷേ കൂടുതല്‍ ശ്രദ്ധാലുവായിരിക്കുക എന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു.














