തുര്‍ക്കിയിലെ ഗുഹയില്‍ ഒരാഴ്ചയായി കുടുങ്ങിക്കിടന്ന അമേരിക്കന്‍ പര്യവേഷകനെ രക്ഷപ്പെടുത്തി

മേര്‍സിന്‍( തുര്‍ക്കി): തുർക്കിയിലെ ആഴമേറിയ ഗുഹയിൽ ഒരാഴ്ചയിലേറെയായി കുടുങ്ങിക്കിടന്ന അമേരിക്കൻ പര്യവേക്ഷകന്‍ മാര്‍ക് ഡിക്കിയെ (40) രക്ഷപ്പെടുത്തി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 200 രക്ഷാപ്രവര്‍ത്തകരും മെഡിക്കല്‍ സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഭൂനിരപ്പില്‍ നിന്ന് ഏതാണ്ട് ഒന്നരക്കിലോമീറ്റര്‍ താഴ്ചയിലുള്ള ഗുഹയാണിത് .

ഒരാഴ്ചയിലേറെയായി മണ്ണിനടിയിൽ കഴിഞ്ഞ മാര്‍ക്കിനെ ചൊവ്വാഴ്ച പുലർച്ചെ 3,695 അടി താഴ്ചയിൽ നിന്നാണ് രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്. വയറ്റില്‍ ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഇയാളുടെ ആരോഗ്യനില വഷളാവുകയായിരുന്നു.

തെക്കന്‍ തുര്‍ക്കിയിലെ ടോറസ് പർവതനിരകളിലെ മോർക ഗുഹയുടെ ആഴം പരിശോധിക്കുന്നതിനിടെ സെപ്റ്റംബര്‍ 2ന് ആണ് അവശത അനുഭവപ്പെട്ടത്. രോഗകാരണം വ്യക്തമല്ല. സ്‌ട്രെച്ചറിന്റെ സഹായത്തോടെ, രക്ഷാപ്രവർത്തകർ ബേസ് ക്യാംപിലെത്തിച്ചു. അദ്ദേഹത്തിന് രക്തം നൽകിയതിന് ശേഷമാണ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്.

മാർക്കിന്റെ വയറിലെ രക്തസ്രാവം പരിഹരിച്ചിട്ടുണ്ടെന്നും പരിശോധനകൾക്കായി മെഡിക്കൽ ടെന്റിലേക്ക് കൊണ്ടുപോയതായും ഇറ്റാലിയൻ രക്ഷാപ്രവർത്തകർ പറഞ്ഞു. മാർക്കിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്നും ദ്രാവകരൂപത്തിലുളള ഭക്ഷണം നൽകി വരികയാണെന്നും തുർക്കിയിലെ എമർജൻസി റെസ്‌പോൺസ് സർവീസിലെ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂജേഴ്‌സിയിൽ നിന്നുള്ള മാ‍ർക്ക് 20 വർഷത്തിലേറെയായി പരിചയസമ്പന്നനായ പര്യവേക്ഷകനാണ്. 10 വർഷമായി യുഎസ് നാഷണൽ കേവ് റെസ്‌ക്യൂ കമ്മിഷനിൽ ഇൻസ്ട്രക്ടറാണ്. ഓഗസ്റ്റ് അവസാനം മുതൽ മോർക്ക ഗുഹയിലേക്കുള്ള പര്യവേഷണത്തിന് അദ്ദേഹം നേതൃത്വം നൽകിയിരുന്നു.

തുർക്കിയിലെ മൂന്നാമത്തെ ആഴമേറിയ ഗുഹയാണ് മോർക. ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും സങ്കീർണവുമായ ഭൂഗർഭ രക്ഷാപ്രവർത്തനങ്ങളിലൊന്നാണിതെന്ന് ടർക്കിഷ് കേവിങ് ഫെഡറേഷൻ പറഞ്ഞു. തുർക്കി, ക്രൊയേഷ്യ, ഇറ്റലി, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള 200 രക്ഷാപ്രവർത്തകരും സഹ പര്യവേക്ഷകരും മെഡിക്കൽ സംഘവും അടങ്ങുന്ന അന്താരാഷ്ട്ര സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

More Stories from this section

family-dental
witywide