യുഎസിലെ നഴ്സറിയിലെ പായ്ക്കടിയിൽ സൂക്ഷിച്ചിരുന്ന ഫെന്റനൈൽ ശ്വസിച്ച് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

ന്യൂയോർക്ക് സിറ്റി: ന്യൂയോർക്ക് സിറ്റിയിലെ ഒരു നഴ്‌സറിയിൽ ഉച്ചയുറക്കത്തിന് ഉപയോഗിക്കുന്ന പായയ്ക്കടിയിൽ ഒരു കിലോഗ്രാം ഫെന്റനൈൽ കണ്ടെത്തി. ഇത് ശ്വസിച്ച് ഒരു കുട്ടി മരിക്കുകയും മറ്റ് മൂന്നു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തൽ.

ബ്രോങ്ക്‌സിലെ ഡേകെയർ സെന്ററിലാണ് സംഭവം. മൂന്ന് കുട്ടികളെ ഓവർ ഡോസിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ രണ്ട് പേർക്കെതിരെ ഡ്രഗ് ഗൂഢാലോചന, കൊലപാതക കുറ്റം എന്നിവ ചുമത്തിയിട്ടുണ്ട്.

എട്ട് മാസം മുതൽ രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികൾ നഴ്സറിയിൽ വച്ച് ഫെന്റനൈൽ ശ്വസിച്ചതായി പൊലീസ് കരുതുന്നു. മൂന്ന് കുട്ടികൾക്ക് ഒപിയോയിഡ് ഓവർഡോസുകൾ മാറ്റാൻ ഉപയോഗിക്കുന്ന അടിയന്തര മരുന്നായ നർക്കൻ നൽകിയിട്ടുണ്ട്.

നഴ്‌സറിയിൽ നടത്തിയ തിരച്ചിലിൽ ഒരു കിലോ ഫെന്റനൈൽ കണ്ടെത്തിയതായി എൻവൈപിഡി ചീഫ് ഡിറ്റക്ടീവ് ജോസഫ് കെന്നി തിങ്കളാഴ്ച പറഞ്ഞു.