മധ്യസ്ഥ ശ്രമങ്ങൾ ഫലം കാണുന്നു; അമേരിക്കന്‍ പൗരന്മാരെ ഇറാൻ മോചിപ്പിച്ചെന്ന് റിപ്പോർട്ട്

ദോഹ: ഇറാനും അമേരിക്കയ്ക്കും ഇടയില്‍ ഖത്തര്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ ഫലം കാണുന്നു. ഇതിന്റെ ഭാഗമായി അഞ്ച് അമേരിക്കന്‍ പൗരന്മാരെ ഇറാന്‍ മോചിപ്പിച്ചതായി അമേരിക്കൻ മാധ്യമമായ എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന അനുരഞ്ജന നീക്കങ്ങളില്‍ പ്രധാന ഉപാധികള്‍ തടവുകാരെ കൈമാറലും ഉപരോധം കാരണം മരവിപ്പിച്ച പണം തിരിച്ചു നല്‍കലുമാണ്.

ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് അമേരിക്കന്‍ പൗരത്വമുള്ള അഞ്ച് തടവുകാരെ മോചിപ്പിച്ചത്. നാല് പേരെ ഇതോടകം മോചിപ്പിച്ചതായാണ് റിപ്പോർട്ട്. അമേരിക്കയില്‍ തടവിലുള്ള ഇത്രയും ഇറാന്‍ പൗരന്മാരെയും ഉടന്‍ മോചിപ്പിക്കും. ചര്‍ച്ചയില്‍ മധ്യസ്ഥത വഹിച്ച ഖത്തര്‍ വഴിയാകും ഇവരുടെ യാത്രയെന്നാണ് റിപ്പോര്‍ട്ട്.

തടവിലാക്കിയ യുഎസ് പൗരന്മാരിൽ സിയാമക് നമാസി, ഇമാദ് ഷാർഗി, മൊറാദ് തഹ്ബാസ് എന്നിവരും തങ്ങളുടെ ഐഡന്റിറ്റി പരസ്യമാക്കരുതെന്ന് ആവശ്യപ്പെട്ട മറ്റ് രണ്ട് പേരും ഉൾപ്പെടുന്നു.

ഇതോടൊപ്പം തന്നെ ഉപരോധത്തെ തുടര്‍ന്ന് മരവിപ്പിച്ച ആറ് ബില്യണ്‍ ഡോളര്‍ ദക്ഷിണ കൊറിയ അടുത്തയാഴ്ച തന്നെ ഖത്തറിലേക്ക് ബാങ്കിലേക്ക് മാറ്റിയേക്കും. നേരത്തെ സ്വിസ് ബാങ്കിലേക്ക് മാറ്റുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അന്തിമ ധാരണ പ്രകാരം ഖത്തറിന്റെ ‌മേല്‍നോട്ടത്തില്‍ മാത്രമേ ഇറാന് പണം ചെലവഴിക്കാന്‍ കഴിയൂ. ദോഹയില്‍ വച്ചാണ് ഇറാനും അമേരിക്കയും തമ്മിലുള്ള റൗണ്ട് ചര്‍ച്ചകള്‍ നടന്നത്.