“ചൈനയുമായി ശീതസമരമില്ല’; വിയറ്റ്നാം സന്ദർശനത്തിനിടെ ആരോപണം തള്ളി ജോ ബൈഡൻ

ഹനോയി: ചൈനയെ ഒറ്റപ്പെടുത്താനും ശീതസമരം ആരംഭിക്കാനും അമേരിക്ക ശ്രമിക്കുകയാണെന്ന ആരോപണം തള്ളി യുഎസ് പ്രസിഡന്റ്‌ ജോ ബൈഡൻ. ക്വാഡ്‌ സഖ്യം ഇന്തോ–- പസഫിക്‌ മേഖലയുടെ ശാക്തീകരണത്തിനായാണെന്നും ചൈനയെ എതിർക്കാനല്ലെന്നും അദ്ദേഹം വിയറ്റ്‌നാമിലെ ഹാനോയിയിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

ക്വാഡ്‌ സംബന്ധിച്ച്‌ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്‌ ചോദ്യം ഉന്നയിച്ചിരുന്നെന്നും ചൈനയെ ലക്ഷ്യംവച്ചുള്ള സഖ്യമല്ലെന്ന്‌ അദ്ദേഹത്തെ അറിയിച്ചതായും ബൈഡൻ പറഞ്ഞു. ജി 20 ഉച്ചകോടിക്കിടെ ചൈനീസ്‌ പ്രധാനമന്ത്രി ലി ചിയാങ്ങുമായും കൂടിക്കാഴ്ച നടത്തി.

വിയറ്റ്‌നാമുമായി ബന്ധം ശക്തമാക്കുന്നത്‌ ഉൾപ്പെടെയുള്ള നടപടികൾ ചൈനയ്ക്കെതിരായ നീക്കമായി വ്യാഖ്യാനിക്കേണ്ടതില്ല. അമേരിക്കയെ സമഗ്ര നയതന്ത്ര പങ്കാളിയാക്കി ഉയർത്താനുള്ള വിയറ്റ്‌നാമിന്റെ തീരുമാനത്തിന്‌ പിന്നാലെയാണ്‌ ബൈഡന്റെ സന്ദർശനം.

വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം മിൻ ചിങ്‌, പ്രസിഡന്റ്‌ വോ വാൻ തുവോങ്‌, വിയറ്റ്‌നാമീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടി ജനറൽ സെക്രട്ടറി നിൻ ഫു ചാം ഉൾപ്പെടെയുള്ള നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിയറ്റ്‌നാം എയർലൈൻസിനുവേണ്ടി 50 ബോയിങ്‌ വിമാനം വാങ്ങുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുരാജ്യവും ധാരണയിലെത്തി.

More Stories from this section

family-dental
witywide