യുഎസ് ക്യാപിറ്റോൾ ആക്രമണക്കേസില്‍ പ്രതികള്‍ക്ക് വര്‍ഷങ്ങളുടെ ശിക്ഷ വിധിച്ച് ഫെഡറല്‍ കോടതിയുടെ ചരിത്ര വിധി

ന്യൂയോര്‍ക്: 2020 യു എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ക്യാപിറ്റോൾ ആക്രമണത്തിൽ തീവ്ര വലതുപക്ഷ സംഘമായ പ്രൗഡ് ബോയ്സ് അംഗങ്ങൾക്ക് തടവുശിക്ഷ. തീവ്രവാദ സ്വഭാവമുള്ള സംഘടനയിലെ രണ്ടുപേർക്കാണ് വാഷിംഗ്‌ടൺ ഡിസിയിലെ ഫെഡറൽ കോടതി വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്. തീവ്രവാദ ഗ്രൂപ്പിന്റെ നേതാവായി ആരോപിക്കപ്പെടുന്ന ഏഥാൻ നോർഡിയന് 18 വർഷവും ഡൊമിനിക് പെസോള എന്നയാൾക്ക് പത്ത് വർഷവുമാണ് തടവ് ശിക്ഷ. അമേരിക്കയുടെ സമീപ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിൽ ഒന്നായിരുന്നു 2021 ജനുവരി ആറിന് നടന്ന ക്യാപിറ്റോൾ ആക്രമണം.

രാജ്യദ്രോഹ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഏഥാൻ നോർഡിയന് എതിരെ ചുമത്തിയിരിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ഉദ്യോഗസ്ഥന്റെ കവചം ഉപയോഗിച്ച് ജനൽ അടിച്ചുതകർക്കുകയും ചിത്രീകരിക്കുകയും ചെയ്ത കേസിലാണ് ഡൊമിനിക് പെസോളയെ കോടതി ശിക്ഷിച്ചത്. ഇരുവർക്കും യഥാക്രമം 27, 20 വർഷം ജയിൽ ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂട്ടർമാരുടെ വാദം. അതേസമയം 140 പോലീസുകാർക്ക് പരുക്കേറ്റ ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ഇതുവരെ ശിക്ഷിക്കപ്പെട്ടവരിൽ ഏറ്റവും ദൈർഘ്യമേറിയ ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത് നോർഡിയനാണ്. “തങ്ങളുടെ നേതാവിനെ അധികാരത്തിൽ നിലനിർത്താൻ ലക്ഷ്യമിട്ടിരുന്ന വലതുപക്ഷത്തിന്റെ പാദസേവകർ” എന്നാണ് പ്രോസിക്യൂട്ടർമാർ ഇരുവരെയും വിശേഷിപ്പിച്ചത്.

ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന്റെ വിജയം സംയുക്ത സമ്മേളനത്തിലൂടെ അംഗീകരിക്കാനുള്ള കോൺഗ്രസിന്റെ സംയുക്ത സെഷൻ തടസ്സപ്പെടുത്താനായിരുന്നു കലാപകാരികളുടെ നീക്കം. കലാപവുമായി ബന്ധപ്പെട്ട് ഒൻപത് മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്‌ച, മുൻ പ്രൗഡ് ബോയ്‌സ് ഓർഗനൈസർ, മുൻ യുഎസ് ആർമി ക്യാപ്റ്റൻ ജോസഫ് ബിഗ്‌സിനെ ജഡ്ജി കെല്ലി 17 വർഷം തടവിന് ശിക്ഷിക്കുകയും മറ്റൊരു നേതാവായ സക്കറി റെഹലിന് 15 വർഷത്തെ തടവ് വിധിക്കുകയും ചെയ്തു.

പ്രൗഡ് ബോയ്സിന്റെ സംഘാടകനായ ജോസഫ് ബിഗ്ഗ്സ് എന്നയാളെ 17 വർഷത്തേക്കും സക്കറി റേലിനെ 15 വർഷത്തേക്കും ശിക്ഷിച്ചിരുന്നു. കലാപത്തിൽ ഭാഗമായതിന് 1,100-ലധികം പേർക്കെതിരെ ഫെഡറൽ കുറ്റങ്ങൾ ചുമത്തുകയും അതിൽ 600-ലധികം പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ജനുവരി ആറിലെ കലാപത്തിന് ഇതുവരെ നൽകിയിട്ടുള്ള ഏറ്റവും കഠിനമായ തടവ് 18 വർഷമാണ്.

2020 ലെ തിരഞ്ഞെടുപ്പിൽ 7 മില്ല്യണിലധികം വോട്ടുകൾക്കാണ് ട്രംപ് പരാജയപ്പെട്ടത്. എന്നാൽ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി ട്രംപ് അനുകൂലികൾ ആരോപിച്ചു. ജോർജിയ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ച കേസിലുൾപ്പെടെ ക്രിമിനൽ നടപടി നേരിടുന്ന ട്രംപ് 2024 തിരഞ്ഞെടുപ്പിലെ പ്രമുഖ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണ്.

US Federal Court Sentences Proud Boys Members In Capitol Attack Case