
വാഷിങ്ടൺ: അമേരിക്കയിൽ വളർന്നു വരുന്ന തോക്ക് അതിക്രമങ്ങൾക്കെതിരെ പോരാടുന്ന ചുമതല ഏറ്റെടുത്ത് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് ഗൺ വയലൻസ് പ്രിവൻഷന്റെ മേധാവിയായി 58കാരി കമല ഹാരിസ് എത്തും. തോക്ക് അതിക്രമത്തിനെതിരായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കലാണ് വൈറ്റ് ഹൗസ് ഓഫീസ് ഓഫ് ഗൺ വയലൻസ് പ്രിവൻഷന്റെ ഉത്തരവാദിത്തം.
“ആളുകൾ സുരക്ഷിതരല്ലെങ്കിൽ യഥാർത്ഥ സ്വാതന്ത്ര്യം സാധ്യമല്ലെന്ന് ഞങ്ങൾക്കറിയാം,”പുതിയ ഓഫീസിനെക്കുറിച്ച് പ്രഖ്യാപിച്ച പ്രസ്താവനയിൽ കമല ഹാരിസ് പറഞ്ഞു.
തോക്ക് അതിക്രമങ്ങളാൽ യുഎസ് ശിഥിലമായിരിക്കുന്നു എന്നും ഇനിയും നഷ്ടപ്പെടുത്താൻ ഒരു നിമിഷമോ ഒരു ജീവനോ തങ്ങൾക്കില്ലെന്നും കമല ഹാരിസ് പറഞ്ഞു.
“ഓരോ കൂട്ട വെടിവയ്പ്പിന് ശേഷവും ഞങ്ങൾ ഒരു ലളിതമായ സന്ദേശം കേൾക്കുന്നു. രാജ്യത്തുടനീളം ഒരേ സന്ദേശം,” അമേരിക്കക്കാർ അവരുടെ നേതാക്കളോട് “എന്തെങ്കിലും ചെയ്യൂ, ദയവായി എന്തെങ്കിലും ചെയ്യൂ” എന്ന് യാചിക്കുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.
പുതിയ മുന്നേറ്റം ഉണ്ടായിരുന്നിട്ടും, ആക്രമണ ആയുധങ്ങൾ നിരോധിക്കുന്നത് പോലെ അമേരിക്കയിൽ തോക്ക് ഉപയോഗം കാര്യമായി പരിമിതപ്പെടുത്താൻ വൈറ്റ് ഹൗസിന് ഏകപക്ഷീയമായ അധികാരമില്ല.















