ടെക്സസിന് എന്തവകാശം? റിയോ ഗ്രാൻഡെയിലെ ഫ്ലോട്ടിംഗ് അതിർത്തി നീക്കം ചെയ്യാന്‍ കോടതി നിർദേശം

ടെക്സസ്: അഭയാർഥികളെ തടയാനുള്ള ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ടിന്റെ പതിനെട്ടാമത്തെ അടവും പൊളിച്ച് കോടതി. റിയോ ഗ്രാൻഡെ നദിയുടെ മധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്ന ബോയർ അതിർത്തി നീക്കം ചെയ്യാന്‍ ഫെഡറൽ ജഡ്ജി ഡേവിഡ് എ എസ്ര ബുധനാഴ്ച ടെക്സസിനോട് ആവശ്യപ്പെട്ടു. നിയമവിരുദ്ധ അധിനിവേശങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് ബോയറുകള്‍ സ്ഥാപിച്ചതെന്ന സ്റ്റേറ്റിന്റെ വാദം കോടതി അംഗീകരിച്ചില്ല.

സെപ്റ്റംബർ 15 വരെയാണ് അതിർത്തി നീക്കം ചെയ്യാന്‍ കോടതി സമയം അനുവദിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് 1,000 അടി നീളമുള്ള ഓറഞ്ച് ബോയറുകള്‍ നദിയിൽ സ്ഥാപിച്ചത്. യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ അധികാരമില്ലാതെയായിരുന്നു ഈ നിർമ്മാണം. അന്താരാഷ്ട്ര ജലപാതയില്‍ ഉള്‍പ്പെടുന്ന നദി ഫെഡറൽ ഗവൺമെന്റിന് അധികാരപരിധിക്ക് കീഴിലാണുള്ളത്.

അതിർത്തി സ്ഥാപിച്ച സ്റ്റേറ്റിന്റെ നടപടി റിയോ ഗ്രാൻഡെയിലും പരിസരത്തുമുള്ള ജനങ്ങളുടെ പൊതു സുരക്ഷ, സഞ്ചാര സ്വാതന്ത്യം, ഫെഡറൽ ഏജൻസി ഉദ്യോഗസ്ഥരുടെ പ്രവർത്തനം എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് ജഡ്ജി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ബോയറുകള്‍ നീക്കം ചെയ്യണമെന്നും, അതിന്റെ മുഴുവന്‍ ചെലവും സ്റ്റേറ്റ് വഹിക്കണമെന്നും കോടതി വ്യക്തമാക്കി.

നദിയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിച്ചേക്കാവുന്ന നിർമ്മാണങ്ങളോ, ബോയർ സ്ഥാപിക്കുന്നതടക്കമുള്ള എഞ്ചിനീയറിംഗ് പ്രോജക്ടുകളോ നടത്തുമ്പോള്‍ യുണൈറ്റഡ് സ്റ്റേറ്റ്സും മെക്സിക്കോയും തമ്മിലുള്ള അന്തർദേശീയ ഉടമ്പടികള്‍ പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ ഈ വ്യവസ്ഥ ലംഘിച്ചാണ് ഫെഡറല്‍ ഏജന്‍സികളുടെ അനുമതിയില്ലാതെ സ്റ്റേറ്റ് അതിർത്തി സ്ഥാപിച്ചത്.

കുടിയേറ്റ വിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ ലോൺ സ്റ്റാറു’മായി ബന്ധപ്പെട്ടാണ് താന്‍ അതിർത്തി സ്ഥാപിച്ചതെന്നും അതിന് ആരുടെയും അനുമതി ആവശ്യമില്ലെന്നുമായിരുന്നു ഗവർണർ ആബട്ടിന്റെ വാദം. എന്നാല്‍ സഞ്ചാരയോഗ്യമായ ജലാശയങ്ങളിൽ തടസ്സങ്ങൾ സ്ഥാപിക്കുന്നതിന് മുമ്പ് ഫെഡറൽ അനുമതി ആവശ്യമാണെന്ന് ജഡ്ജി വ്യക്തമാക്കി. അതേസമയം, ടെക്സസിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ വിധിക്കെതിരെ സുപ്രീംകോടതി വരെ പോകുമെന്ന് അബോട്ടിന്റെ ഓഫീസ് പ്രസ്താവനയിലൂടെ പ്രഖ്യാപിച്ചു.

More Stories from this section

dental-431-x-127
witywide