ജയിലോ, വെെറ്റ് ഹൗസോ; ട്രംപിനെ കാത്തിരിക്കുന്ന ഭാവിയെന്ത്? ബിബിസി റിപ്പോർട്ട്

2020-ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസുള്‍പ്പടെ നിർണ്ണായകമായ ഒന്നിലധികം കേസുകളില്‍ വിചാരണ നേരിടുകയാണ് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടുത്ത വർഷം തെരഞ്ഞെടുപ്പിനൊരുങ്ങവെ, വിജയിച്ചാല്‍ ചരിത്രത്തിലാദ്യമായി പ്രസിഡന്റിന്റെ അവകാശമുപയോഗിച്ച് തനിക്കെതിരായ കേസുകള്‍ മാപ്പുനല്‍കി അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

എന്നാല്‍, തെരഞ്ഞെടുപ്പിന് മുന്‍പ് ശിക്ഷാവിധിയുണ്ടായാല്‍ അത് ട്രംപിന്റെ മത്സരസാധ്യതയെ എങ്ങനെ ബാധിക്കുമെന്നതടക്കം ചോദ്യങ്ങള്‍ ചർച്ച ചെയ്യുകയാണ് ബിബിസി ലേഖകന്‍ റോബർട്ട് ഗ്രീനല്‍ തയ്യാറാക്കിയ റിപ്പോർട്ട്. റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍-

റിപ്പബ്ലിക്കൻ പാർട്ടി അനുകൂലികള്‍ ട്രംപിന്റെ പങ്കാളിത്തം നിഷേധിക്കുകയും ‘പരിഹാസ്യം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന കേസില്‍, ട്രംപ് ഫെഡറല്‍ കോടതിക്ക് മുന്‍പില്‍ ഹാജരാകുമ്പോള്‍, രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോ​ഗിക നടപടികൾ തടസപ്പെടുത്തൽ, ​ഗൂഢാലോചന എന്നിവയുള്‍പ്പടെ നാല് കുറ്റങ്ങളാണ് ട്രംപിനെതിരെയുള്ളത്.

2020-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡനോട് പരാജയപ്പെട്ട ട്രംപ്, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും അതിലൂടെ ഔദ്യോഗിക നടപടികള്‍ തടസ്സപ്പെടുത്താനും, പൗരന്മാരുടെ അവകാശങ്ങളെ തകർക്കാനും ഗൂഢാലോചന നടത്തി എന്നതാണ് പ്രധാന കുറ്റം. തെരഞ്ഞെടുപ്പ് ദിവസമായ 2020 നവംബർ മൂന്ന് മുതല്‍ വെറ്റ് ഹൗസ് വിട്ട 2021 ജനുവരി 20 വരെയുള്ള ദിവസങ്ങളിലെ ട്രംപിന്റെ പ്രവർത്തനങ്ങളും, ജനുവരി 6-ന് യുഎസ് കാപിറ്റലിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് കേസിന് അടിസ്ഥാനം.

ഇതില്‍, വോട്ടെടുപ്പ്, വോട്ടെണ്ണല്‍, സർട്ടിഫിക്കേഷന്‍ തുടങ്ങിയ ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ തടസപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളും ഉള്‍പ്പെടുന്നു. ജനുവരി 6-ന് യുഎസ് കോൺഗ്രസിൽ വോട്ടെണ്ണല്‍ തടസ്സപ്പെടുത്താന്‍ നടത്തിയ ശ്രമവും, അതുമായി ബന്ധപ്പെട്ട് യുഎസ് കാപ്പിറ്റലില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. വോട്ടുചെയ്യാനും ഫലമറിയാനുമുള്ള പൗരന്മാരുടെ അവകാശത്തിന് മേലുള്ള കെെയ്യേറ്റമായാണ് ഈ കുറ്റത്തെ വിശകലനം ചെയ്യുന്നത്.

കേസിലെ ട്രംപിന്റെ പങ്കാളിത്തം:

തെരഞ്ഞെടുപ്പ് പരാജയത്തെ പരസ്യമായി തള്ളിക്കളഞ്ഞ ട്രംപ്, മാസങ്ങളോളം തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നെന്ന് ആരോപിക്കുകയും ബോധപൂർവ്വം തെറ്റായ അവകാശവാദങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. മുന്‍ വൈസ് പ്രസിഡന്റും ട്രംപിന്റെ വിശ്വസ്തനുമായിരുന്ന മൈക്ക് പെൻസുള്‍പ്പടെയുള്ള റിപബ്ലിക്കന്‍ പാർട്ടി നേതാക്കളില്‍ പലരും ഈ വാദത്തെ അനുകൂലിക്കാന്‍ വിസമ്മതിച്ചത് ഈ ഘട്ടത്തില്‍ ശ്രദ്ധേയമായി.

യുഎസ് കാപ്പിറ്റല്‍ കലാപ ദിവസം, രാവിലെ ട്വിറ്ററിലൂടെ തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നെന്ന ആരോപണവുമായി എത്തിയ ട്രംപ്, കോൺഗ്രസ് യോഗം നടക്കുന്നതിനിടെ, ‘ജനങ്ങളുടെ ശബ്ദം അറിയിക്കാന്‍’ യുഎസ് ക്യാപിറ്റലിൽ ഒത്തുചേരാൻ അനുയായികളോട് ആഹ്വാനം ചെയ്തു. ഇതേതുടർന്നാണ് ട്രംപ് അനുകൂലികളുടെ വലിയ ആള്‍ക്കൂട്ടം കോൺഗ്രസ് മന്ദിരം ആക്രമിച്ചത്. കലാപകാരികളെ രാജ്യസ്നേഹികള്‍ എന്ന് വിശേഷിപ്പിച്ച ട്രംപ് തുടർന്ന് വെെറ്റ് ഹൗസില്‍ തുടർന്ന കാലയളവില്‍ തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങള്‍ ആവർത്തിച്ചിരുന്നു.

കോടതിയിലെത്തുമ്പോള്‍, വ്യാജ പ്രചാരണങ്ങള്‍ നടത്തി എന്ന ആരോപണം ഒരു പരിധി വരെ അംഗീകരിച്ചാലും, തന്റെ അഭിപ്രായവും കാഴ്ചപ്പാടും പ്രകടിപ്പിക്കാനുള്ള ഭരണഘടനാ അവകാശമാണ് ട്രംപ് ഉപയോഗിച്ചതെന്ന വാദമായിരിക്കും ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മുന്നോട്ടുവയ്ക്കുക.

വിചാരണയും ശിക്ഷയും തെരഞ്ഞെടുപ്പിനെ ബാധിക്കുമോ?

കേസില്‍ അന്വേഷണത്തിന് നേതൃത്വം നൽകുന്ന പ്രത്യേക അഭിഭാഷകൻ ജാക്ക് സ്മിത്ത് അതിവേഗ വിചാരണയാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ തങ്ങളുടെ ഭാഗത്തെ പ്രതിരോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് ട്രംപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തില്‍ അതിവേഗ വിചാരണയ്ക്കുള്ള സാധ്യത കുറവാണ്. രഹസ്യ രേഖകളിലെ തിരിമറിയുള്‍പ്പടെ ട്രംപിനെതിരായ മറ്റ് കേസുകളുടെ വിചാരണയും കേസിന്റെ വേഗത്തെ ബാധിക്കും. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന് സമാന്തരമായി വിചാരണ പുരോഗമിക്കാനാണ് സാധ്യത.

കേസില്‍ ശിക്ഷാവിധിയുണ്ടാകുന്നതിന് മുന്‍പ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത കൂടിയാണ് ഇത് മുന്നോട്ടുവയ്ക്കുന്നത്. അതേസമയം, തെരഞ്ഞെടുപ്പിന് മുന്‍പ് കുറ്റം തെളിഞ്ഞാലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ട്രംപിന് ഈ വിധി തടസമാകില്ല. യുഎസ് നിയമപ്രകാരം, ക്രിമിനൽ കുറ്റങ്ങൾ നേരിടുകയോ ജയിലിൽ കഴിയുകയോ ചെയ്യുന്നത് ഒരു വ്യക്തിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ തടസമാകില്ല എന്നതാണ് അതിന് കാരണം.

അമേരിക്കയുടെ ചരിത്രത്തില്‍ ഇത്തരം സ്ഥാനാർത്ഥികള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലമെത്തുമ്പോള്‍ പരാജയം ഏറ്റുവാങ്ങിയ ഇവരുടെ ഭാവി തന്നെയാണോ ട്രംപും കാത്തിരിക്കുന്നത് എന്നാണ് ഇനി അറിയേണ്ടത്.