‘വളരെ പ്രതീക്ഷയുള്ള സ്ഥാനാർഥി’; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർഥി വിവേക് രാമസ്വാമിയെ പ്രശംസിച്ച് മസ്ക്

വാഷിങ്ടൺ ഡിസി: യുഎസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കാതെ ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയെ പിന്തുണച്ച് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. റിപബ്ലിക്കൻ പാർട്ടിയുടെ പ്രൈമറികളിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വിവേക് രാമസ്വാമി മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മസ്കിന്റെ പിന്തുണ. വളരെ പ്രതീക്ഷയുള്ള സ്ഥാനാർഥിയാണ് രാമസ്വാമിയെന്ന് മസ്ക് പറഞ്ഞു.

രാമസ്വാമിയുടെ ഒരു ടെലിവിഷൻ അഭിമുഖം പങ്കുവെച്ചാണ് മസ്കിന്റെ പ്രതികരണം. നേരത്തെ ചൈനയാണ് യു.എസിന്റെ ഏറ്റവും വലിയ ഭീഷണിയെന്ന് രാമസ്വാമി പറഞ്ഞിരുന്നു. അധികാരത്തിലെത്തിയാൽ ഇന്ത്യ, ജപ്പാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള യു.എസിന്റെ വ്യാപാര ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചൈനയുമായുള്ള മസ്‌കിന്റെ ബന്ധം ആശങ്കപ്പെടുത്തുന്നതാണെന്ന വിവേകിന്റെ പ്രസ്താവനയ്ക്ക് മാസങ്ങള്‍ക്ക് ശേഷമാണ് വിവേകിനെ പ്രശംസിച്ച് മസ്‌ക് രംഗത്തെത്തിയത്. മസ്‌കിന്റെ ചൈന സന്ദര്‍ശനവും ചൈനീസ് മന്ത്രിമാരുമായുള്ള മസ്‌കിന്റെ ബന്ധവും കടുത്ത ആശങ്കയുളവാക്കുന്നതാണെന്നും യു.എസ് ബിസിനസ് പ്രമുഖരെ അവരുടെ അജണ്ട പ്രചരിപ്പിക്കാന്‍ ചൈന ഉപയോഗപ്പെടുത്തുകയാണെന്നുമായിരുന്നു വിവേക് പറഞ്ഞത്.

അടുത്ത വര്‍ഷം നടക്കുന്ന യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് വിവേക് അടക്കം മൂന്ന് പേരാണ് ഇതുവരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മറ്റൊരു ഇന്ത്യന്‍ വംശജയും ഐക്യരാഷ്ട്ര സഭയിലെ യുഎസിന്റെ മുന്‍ സ്ഥാനപതിയുമായിരുന്ന നിക്കി ഹേലി എന്നിവരാണ് വിവേകിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ വെല്ലുവിളിയായുള്ളത്. 37-കാരനായ വിവേക് രാമസ്വാമിയുടെ മാതാപിതാക്കളാണ് യുഎസിലേക്ക് കുടിയേറിയത്. തെക്കുപടിഞ്ഞാറന്‍ ഒഹായോയിലാണ് താമസം. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സ് സ്ഥാപകനും സ്‌ട്രൈവ് അസ്റ്റ് മാനേജ്‌മെന്റ് സഹസ്ഥാപകനുമായ വിവേക് അമേരിക്കയിലാണ് ജനിച്ചതും വളര്‍ന്നതും.

അതേസമയം, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ആരെന്ന ചോദ്യത്തിന് ഉത്തരം നല്‍കാനുള്ള പ്രൈമറിയില്‍ വിവേക് രാമസ്വാമി അപ്രതീക്ഷിത കുതിപ്പാണ് കാഴ്ചവച്ചിരിക്കുന്നത്. യുഎസ് മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് വെല്ലുവിളി ഉയർത്തുന്ന ഫ്‌ളോറിഡ ഗവർണർ റോണ്‍ ഡിസാന്റിസിന്റെ പിന്തുണയില്‍ സംഭവിച്ച ഇടിവാണ് വിവേകിന് ഗുണകരമായി മാറിയിരിക്കുന്നത്. ഫോക്‌സ് ന്യൂസ് ദേശീയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

എന്നാൽ ട്രംപ് പട്ടികയിൽ സുരക്ഷിതമായി ഒന്നാം സ്ഥാനം നിലനിർത്തുന്നുണ്ട്. റിപ്പബ്ലിക്കന്‍ പ്രൈമറി വോട്ടര്‍മാരില്‍ 53 ശതമാനവും ട്രംപിനെ ഇഷ്ടപ്പെടുന്നതായിപുതിയ സര്‍വേ പറയുന്നു. ജൂണില്‍ ഇത് 56 ശതമാനമായിരുന്നു. 16% പിന്തുണ ലഭിക്കുന്ന ഡിസാന്റിസിനേക്കാള്‍ 37 പോയിന്റ് ലീഡാണ് ട്രംപിനുള്ളത്. ഡിസാന്റിസിനാകട്ടെ ജൂണില്‍ 22% പിന്തുണയാണ് ഉണ്ടായിരുന്നത്. ഫെബ്രുവരിയിലാകട്ടെ 28 ശതമാനവും.

More Stories from this section

family-dental
witywide