
വാഷിങ്ടൺ: ഇസ്രായേൽ, യു.എസ്, ഖത്തർ എന്നീ രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാർ പ്രകാരം ഹമാസ് മോചിപ്പിക്കുന്ന അമ്പത് ബന്ദികളിൽ മൂന്ന് അമേരിക്കക്കാരും ഉൾപ്പെട്ടേക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
തെക്കൻ ഇസ്രായേലിൽ ഒക്‌ടോബർ 7-ന് ഹമാസിന്റെ പ്രാരംഭ ആക്രമണത്തിൽ കൊല്ലപ്പെട്ട 1,200-ലധികം ആളുകളിൽ ഉൾപ്പെട്ടെ ദമ്പതികളുടെ 3 വയസ്സുള്ള മകളായിരിക്കും ഹമാസ് വിട്ടയക്കുന്നവരിൽ ഒരാൾ.
ഗാസയിലെ താൽക്കാലിക വെടി നിർത്തലിന് പകരമായി ഹമാസ് ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കുമെന്ന വ്യവസ്ഥയിലാണ് നെതന്യാഹു സർക്കാർ കരാറിന് തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ. നാലോ അഞ്ചോ ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് പകരമായി ഗാസയിൽ തടവിലാക്കപ്പെട്ട 50 ഇസ്രയേലി സ്ത്രീകളെയും കുട്ടികളെയും വിട്ടയക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബന്ദികളിൽ പലരും ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ ഇതിനകം തന്നെ കൊല്ലപ്പെട്ടതായി ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരക്കക്കാരായ 2 പേരേയും ഇസ്രയേലിലെ 2 സ്ത്രീകളേയും ഹമാസ് നേരത്തെ വിട്ടയച്ചിരുന്നു.
ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതും കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്. 150 പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും ഇസ്രയേൽ ജയിലുകളിൽ നിന്ന് മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബന്ദിസംഘത്തിൽ രണ്ട് അമേരിക്കൻ സ്ത്രീകളും വെള്ളിയാഴ്ച നാല് വയസ്സ് തികയുന്ന അബിഗെയ്ൽ എന്ന അമേരിക്കൻ പെൺകുട്ടിയും ഉൾപ്പെടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇടപാട് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ ആദ്യ ഘട്ട ബന്ദികളെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.