അല്‍ഷിഫ ആശുപത്രിക്ക് അടിയില്‍ ഹമാസിന്റെ താവളം; ആരോപണവുമായി യുഎസ്

ഗാസ: ഗാസ സിറ്റിയിലെ അല്‍ ഷിഫാ ആശുപത്രിക്ക് അടിയില്‍ ഹമാസിന്റെ താവളം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അമേരിക്ക. ഇസ്രയേലിനെ ആക്രമിക്കാനായി ഹമാസ് ആയുധങ്ങള്‍ സംഭരിച്ചു വെച്ചിരിക്കുന്നത് ഇവിടെയാണെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

“ഹമാസും പലസ്തീൻ ഇസ്ലാമിക് ജിഹാദും ഗാസ മുനമ്പിലെ അൽ-ഷിഫ ഉൾപ്പെടെയുള്ള ചില ആശുപത്രികളെയും അവയുടെ കീഴിലുള്ള തുരങ്കങ്ങളെയും തങ്ങളുടെ സൈനിക പ്രവർത്തനങ്ങൾ മറച്ചുപിടിക്കാനും പിന്തുണയ്ക്കാനും ബന്ദികളാക്കാനും ഉപയോഗിച്ചതായി ഞങ്ങൾക്ക് വിവരം ഉണ്ട്,”അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഗാസയിലെ ആശുപത്രികള്‍ക്ക് അടിയില്‍ ഹമാസിന്റെ താവളങ്ങളാണെന്ന് ഇസ്രയേല്‍ നിരന്തരം പറയുന്നുണ്ടെങ്കിലും ഇതാദ്യമായാണ് അമേരിക്ക സ്വതന്ത്രമായി ഇക്കാര്യത്തില്‍ അഭിപ്രായം പ്രകടനം നടത്തുന്നത്.

രൂക്ഷമായ പോരാട്ടത്തില്‍ നിന്ന് അല്‍ഷിഫ ആശുപത്രിയെ സംരക്ഷിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ രാജ്യാന്തര നിയമങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ട് പ്രവര്‍ത്തക്കാന്‍ ബാധ്യസ്ഥരാണ് എന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞത്.

ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫ ആശുപത്രി ഏതാനും ദിവസമായി പോരാട്ടത്തിന്റെ കളമാണ്. ആയിരക്കണക്കിന് ആളുകളാണ് ഇവിടെ അഭയം തേടിയിരിക്കുന്നത്.

More Stories from this section

family-dental
witywide