ന്യൂയോര്‍ക്: തെരഞ്ഞെടുപ്പ് ചര്‍ച്ചകളും പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പ്രചരണവുമൊക്കെ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ ചൈനയുമായി അമേരിക്കയുടെ രഹസ്യ കൂടിക്കാഴ്ച ചര്‍ച്ചയാകുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സെക്യുരിറ്റി അഡ്വൈസര്‍ ജാക് സല്ലിവാനാണ് കൂടചിക്കാഴ്ച നടത്തിയത്. ഇന്നലെയും ഇന്നുമായി മാള്‍ട്ടയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബോഡനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും നടത്താനിരിക്കുന്ന കൂടിക്കാഴ്ചക്ക് മുമ്പാണോ മാള്‍ട്ടയിലെ രഹസ്യ ചര്‍ച്ച എന്ന ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.
യുക്രെയിന്‍ വിഷയത്തില്‍ റഷ്യയെ പിന്തുണച്ച് അമേരിക്കക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് ചൈന. ചൈനക്കെതിരെ അമേരിക്കന്‍ പൊതുസമൂഹത്തിന്റെ എതിര്‍പ്പുകളും ശക്തമാണ്. അതിനിടയില്‍ ലോകത്തെ ഒന്നാമത്തെയും രണ്ടാമത്തെയും സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള കൂടിക്കാഴ്ചക്ക് വലിയ പ്രാധാന്യമുണ്ട്.
നവംബറില്‍ സാന്‍ ഫ്രാന്‍സിസ്കോയില്‍ നടക്കുന്ന ഏഷ്യാ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഏറെ നിര്‍ണായകമായും അമേരിക്ക-ചൈന പ്രസിഡന്റുമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച എന്നതില്‍ സംശയമില്ല. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ തുടരുന്ന ശീതസമരത്തിന് അത് കുറച്ചെങ്കിലും അയവുവരുത്തുമോ എന്നത് കാത്തിരുന്ന് കാണണം.
ചൈനീസ് ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിലടക്കം അമേരിക്ക വരുത്തിയ നിയന്ത്രണങ്ങള്‍ അടുത്ത കാലത്ത് വലിയ വിവാദമായിരുന്നു. അമേരിക്കന്‍ നിലപാടുകളെ പരസ്യമായി ചൈന എതിര്‍ക്കുകയും ചെയ്യുകയാണ്. ഇന്ത്യയുമായുള്ള അമേരിക്കയുടെ സഹകരണവും ചൈനയുടെ എതിര്‍പ്പ് ശക്തമാക്കിയിട്ടുണ്ട്. ദില്ലിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് പുട്ടിനൊപ്പം ചൈനീസ് പ്രസിഡന്റ് ഷിയും വിട്ടുനിന്നിരുന്നു.
അതേസമയം തെരഞ്ഞെടുപ്പിന് മുമ്പ് എതിര്‍ രാജ്യങ്ങളുമായി പരമാവധി സൗഹൃദം ഉണ്ടാക്കി പുതിയൊരു രാഷ്ട്രീയ നീക്കത്തിന്റെ സാധ്യതയാണ് ജോ ബൈഡന്‍ തേടുന്നതെന്ന സൂചനയുണ്ട്.
US secret meeting with China