
വാഷിങ്ടൻ : യുഎസ് രാഷ്ട്രീയത്തിലെ വനിതാമുന്നേറ്റത്തിൻ്റെ തേരാളി ഡയൻ ഫൈൻസ്റ്റൈൻ (90) അന്തരിച്ചു. സാൻഫ്രാൻസിസ്കോയിലെ ആദ്യ വനിതാ മേയർ, കലിഫോർണിയയിൽനിന്നുളള ആദ്യ വനിതാ സെനറ്റർ എന്നിങ്ങനെ പുതിയ ചരിത്രം കുറിച്ച നേതാവാണ്. ഡെമോക്രാറ്റ് പാർട്ടി നേതാവും സെനറ്റ് അംഗവുമാണ്
1992 മുതൽ 6 തവണയായി 3 പതിറ്റാണ്ടു സെനറ്റ് അംഗമായി. തോക്കുനിയന്ത്രണ നിയമത്തിനു വേണ്ടി പോരാടി ശ്രദ്ധ നേടി. ഭീകരക്കുറ്റം സംശയിച്ചു തടവിലുള്ള വിദേശികൾക്കു നേരെ യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ പ്രയോഗിച്ച മൂന്നാംമുറകളെപ്പറ്റി വിശദറിപ്പോർട്ട് പുറത്തുകൊണ്ടുവന്നത് സെനറ്റ് ഇന്റലിജൻസ് കമ്മിറ്റി അധ്യക്ഷപദം വഹിച്ച ആദ്യ വനിതയായ ഫൈൻസ്റ്റൈനാണ്.