അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസങ്ങൾക്ക് തുടക്കം

സിയോൾ: യുദ്ധ സമാന സാഹചര്യങ്ങളെ നേരിടുന്നതിന് സജ്ജമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസങ്ങള്‍ക്ക് തുടക്കമായി. 130 യുദ്ധ വിമാനങ്ങള്‍ ഉള്‍പ്പെടുന്ന അഭ്യാസ പ്രകടനത്തിന് തിങ്കളാഴ്ചയാണ് തുടക്കമായത്. സംയുക്ത വ്യോമ അഭ്യാസ പരിശീലനവും പ്രകടനവുമാണ് നിലവില്‍ നടക്കുന്നത്.

വിജിലന്റ് ഡിഫന്‍സ് എന്ന പേരിൽ നടക്കുന്ന വാര്‍ഷിക അഭ്യാസം വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കും. ദക്ഷിണ കൊറിയയിലേയും അമേരിക്കയിലേയും എഫ് 35 സ്റ്റെല്‍ത്ത് ഫൈറ്റര്‍ വിമാനങ്ങള്‍ അടക്കം ഈ വാര്‍ഷിക അഭ്യാസ പ്രകടനങ്ങളുടെ ഭാഗമാകുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ വിശദമാക്കുന്നത്. എയര്‍ സർഫേസ് ലൈവ് ഫയർ ഡ്രില്ലുകളും അടിയന്തര ഘട്ടങ്ങളിലെ വ്യോമ പ്രതിരോധവും അഭ്യാസ പ്രകടനങ്ങളിലുള്‍പ്പെടുത്തിയിട്ടുണ്ട്.

സദാസമയവും പ്രതിരോധ സജ്ജമാണെന്നും ആവശ്യ ഘട്ടങ്ങളില്‍ ശത്രുവിന്‍റെ പ്രകോപനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഈ പരിശീലനങ്ങളിലൂടെ സാധിക്കുമെന്നാണ് പ്രസ്താവനയില്‍ ദക്ഷിണ കൊറിയന്‍ സൈന്യം വിശദമാക്കുന്നത്. റഷ്യയുമായി ഉത്തര കൊറിയ സൈനിക സഹകരണം നടത്തുന്ന സാഹചര്യത്തിലാണ് അമേരിക്ക ദക്ഷിണ കൊറിയ സൈനിക അഭ്യാസമെന്നതും ശ്രദ്ധേയമാണ്. സംയുക്ത സൈനിക അഭ്യാസത്തെ ഉത്തര കൊറിയ ഇതിനോടകം അപലപിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ സെപ്റ്റംബർ അവസാനവാരത്തില്‍ പത്ത് വര്‍ഷത്തിനിടയില്‍ ആദ്യമായി ദക്ഷിണ കൊറിയ സൈനിക പരേഡ് നടത്തിയിരുന്നു. 6700ഓളം സേനാംഗങ്ങളെ പങ്കെടുപ്പിച്ചാണ് പരേഡ് സംഘടിപ്പിച്ചത്. 340 സേനാ ആയുധങ്ങളാണ് പരേഡില്‍ ദക്ഷിണ കൊറിയ അവതരിപ്പിച്ചത്. ടാങ്കുകളും മിസൈലുകളും കടലില്‍ ഉപയോഗിക്കുന്ന തരം ഡ്രോണുകളും അടക്കമുള്ളവ ദക്ഷിണ കൊറിയ സേനാ പരേഡില്‍ അണി നിരത്തിയിരുന്നു.

More Stories from this section

family-dental
witywide