
കെയ്റോ: ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രയേലിന് എന്നും അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍. കെയ്റോ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമാസ് നടത്തിയ നരഹത്യയുടെ പശ്ചാത്തലത്തില്‍ ഇസ്രായേലിലെ നിലവിലെ സാഹചര്യം വളരെ ബുദ്ധിമുട്ടേറിയതാണെന്ന് സൂചിപ്പിച്ച ബ്ലിങ്കണ്‍, ഈ ആക്രമണങ്ങളില്‍ നിന്ന് സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന് പറഞ്ഞു.
“നാല് പ്രധാന ലക്ഷ്യങ്ങളോടെയാണ് ഞങ്ങള്‍ ഇവിടെ വന്നത്: അമേരിക്ക ഇസ്രായേലിനൊപ്പമാണെന്ന് വ്യക്തമാക്കാന്‍, സംഘര്‍ഷം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാന്‍, അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെയുള്ള ബന്ദികളുടെ മോചനത്തിനായി പ്രവര്‍ത്തിക്കാന്‍, ഗാസയില്‍ നിലനില്‍ക്കുന്ന മാനുഷിക പ്രതിസന്ധി പരിഹരിക്കാന്‍,” ബ്ലിങ്കെണ്‍ വ്യക്തമാക്കി.
ഇന്നും നാളെയും എല്ലാ ദിവസവും തങ്ങള്‍ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്നും അത് വാക്കിലും പ്രവൃത്തിയിലും തെളിയിക്കുമെന്നും ബ്ലിങ്കൺ പറഞ്ഞു. ഹമാസില്‍ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ട്. ഇനിയൊരിക്കലും ഇത് സംഭവിക്കില്ലെന്ന് ഉറപ്പാക്കാന്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്യാന്‍ ശ്രമിക്കുമെന്നും ആന്റണി ബ്ലിങ്കണ്‍ കൂട്ടിച്ചേര്‍ത്തു.













