
വാഷിംഗ്ടണ്‍: വെള്ളിയാഴ്ച ചേർന്ന ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി യോഗത്തിൽ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ആവശ്യപ്പെട്ട സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനെ തള്ളി ഇസ്രയേലും അമേരിക്കയും. ആർട്ടിക്കിൾ 99 പ്രകാരം ഗുട്ടറസ് വെടിനിർത്തൽ ആവശ്യപ്പെട്ടെങ്കിലും ആ ആവശ്യം അമേരിക്ക വീറ്റോ ചെയ്തു. ഐക്യരാഷ്ട്രസഭയോടും സെക്രട്ടറി ജനറലിനോടുമുള്ള അസ്വാരസ്യം ഇസ്രയേൽ പ്രകടമാക്കി.
വെടിനിർത്തൽ ആവശ്യം തള്ളിക്കൊണ്ട് ഇസ്രയേൽ പറഞ്ഞത് ലോക സമാധാനത്തിനു ഇപ്പോൾ വിഘാതമായി നിൽക്കുന്നത് നിലവിലെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസാണെന്നാണ്. ഹമാസിനെ പിന്തുണയ്ക്കുകയാണ് ഐക്യരാഷ്ട്രസഭ ചെയ്യുന്നതെന്നും ഇസ്രയേൽ കുറ്റപ്പെടുത്തി. അത് ലോക സമാധാനം തകർക്കുന്ന പ്രവൃത്തിയാണെന്നും, ഹമാസിനെ ഇല്ലായ്മ ചെയ്യുന്നതിൽ നിന്നും ഐക്യരാഷ്ട്ര സഭ തങ്ങളെ പിന്നോട്ട് വലിക്കുന്നുവെന്നും ഇസ്രയേൽ പറയുന്നു.
ഹമാസിന്റെ അക്രമണപരമ്പര അവസാനിപ്പിക്കേണ്ടതുണ്ടെന്നും, എങ്കിൽ മാത്രമേ ചരിത്രം ആവർത്തിക്കപ്പെടാതിരിക്കൂ എന്നുമാണ് വെടിനിർത്തലിന് എതിർത്തുകൊണ്ട് അമേരിക്കൻ ഡെപ്യുട്ടി അംബാസിഡർ റിച്ചാർഡ് മിൽസ് ഐക്യരാഷ്ട്രസഭയിൽ പറഞ്ഞത്. ഇപ്പോൾ വെടിനിർത്താൻ തീരുമാനിക്കുന്നത് വീണ്ടും ഒരു യുദ്ധത്തിന്റെ വിത്തുപാകുമെന്നാണ് റിച്ചാർഡ് മിൽസിന്റെ അഭിപ്രായം. അതിനു കാരണം ഹമാസിന് സമാധാനമുണ്ടാക്കുന്നതിൽ താല്പര്യമില്ലാത്തതാണെന്നും, തങ്ങളുടെ ലക്ഷ്യം ഇപ്പോഴത്തേക്ക് യുദ്ധം അവസാനിപ്പിക്കുകയല്ല, എല്ലാ കാലത്തേക്കുമായി യുദ്ധം അവസാനിപ്പിക്കുകയാണെന്നാണ് അമേരിക്കയുടെ പക്ഷം.
പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച്, ഈ പോരാട്ടത്തില്‍ പലസ്തീന്‍ പ്രദേശത്ത് 17,487 പേര്‍ മരിച്ചു, കൂടുതലും സ്ത്രീകളും കുട്ടികളുമാണ് ഇതില്‍ ഉള്‍പ്പെട്ടത്. ഏതാണ്ട് 80 ശതമാനം ആളുകളും ഗാസ യിൽനിന്ന് പലായനം ചെയ്തു. ഭക്ഷണം, വെള്ളം , മരുന്ന് എന്നിവയ്ക്കായി ഗാസയിലുള്ളർ കടത്ത പ്രതിസന്ധി നേരിടുകയാണ്.
ഒക്ടോബര്‍ 7 ന് ഹമാസിന്റെ അഭൂതപൂര്‍വമായ ആക്രമണത്തന് പകരമായി ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രായേല്‍ പ്രതിജ്ഞയെടുത്തു. 1,200 ഓളം ഇസ്രയേൽ പൌരന്മാർ കൊല്ലപ്പെടുകയും ഒരുപാട് പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ചെറിയ ഒരിടവേള യുദ്ധ വിരാമം ഉണ്ടാവുകയും കുറേ ബന്ദികളെ ഹമാസ് മോചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹമാസിന്റെ പക്കൽ ഇനിയും 138 ബന്ദികളുണ്ട് എന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുഎന്‍ ചാര്‍ട്ടറിലെ അപൂര്‍വ്വമായി ഉപയോഗിക്കുന്ന ആര്‍ട്ടിക്കിള്‍ 99 പ്രയോഗിച്ച്, അടിയന്തര സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ച് അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു. ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ മോചിപ്പിക്കാനും ആവശ്യപ്പെട്ടു. ഹമാസ് നടത്തുന്ന ക്രൂരതയ്ക്ക് മറുപടിയായി ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തില്‍ പലസ്തീന്‍ ജനതയുടെ കൂട്ടായ ശിക്ഷയെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
US vetoes UN resolution on Gaza ceasefire














