
സോവിയറ്റ് യൂണിയനെപ്പോലെ അമേരിക്കയും ഒരു ദിവസം തകര്‍ന്നടിയുമെന്ന് ഹമാസ് നേതാവ്. ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്നതിനിടെയാണ് അമേരിക്കയ്ക്ക് ഹാമിസിന്റെ മുന്നറിയിപ്പ്. ബ്രിട്ടനും ആഗോള ഫ്രീമേണ്‍സറിയും ചേര്‍ന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്ഥാപിച്ചത്, യുഎസ്എസ്ആറിനെപ്പോലെ അതും തകരുമെന്നായിരുന്നു ഹമാസ് ലീഡര്‍ അലി ബറാക്ക പറഞ്ഞത്.
ലെബനീസ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹമാസ് ലീഡര്‍ ഇക്കാര്യം പറഞ്ഞതെന്ന് ജറുസലേം പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. മേഖലയിലെ അമേരിക്കയുടെ ശത്രുക്കളെല്ലാം തമ്മിലടുക്കുകയും അമേരിക്കയ്‌ക്കെതിരെ ഗൂഢാലോചന നടത്തുകയുമാണെന്നും അവര്‍ യുദ്ധത്തിനായി ഒരുമിക്കുകയും അമേരിക്കയെ ഇല്ലാതാക്കുകയും ചെയ്യുന്ന ദിവസം വന്നേക്കുമെന്നുമാണ് അലി പറഞ്ഞത്.
അമേരിക്കയെ ആക്രമിക്കാന്‍ ശേഷിയുള്ള ലോകത്തെ ഒരേയൊരു രാജ്യം ഉത്തരകൊറിയ ആയിരിക്കുമെന്നും അമേരിക്കയെ തകര്‍ക്കാന്‍ ഉത്തരകൊറിയയ്ക്ക് ശേഷിയുണ്ടെന്നും അലി കൂട്ടിച്ചേര്‍ത്തു. ഹമാസ് പ്രതിനിധികള്‍ റഷ്യ സന്ദര്‍ശിച്ചിരുന്നുവെന്നും മറ്റൊരു സംഘം ബെയ്ജിംഗിലേക്ക് പോകുമെന്നും അലി പറഞ്ഞു. ഹമാസിന്റെ നേതാക്കളുമായി റഷ്യയും ചൈനയും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അലി പറഞ്ഞു.











