
അലബാമ : ഇരട്ട ഗര്‍ഭ പാത്രമുള്ള സ്ത്രീ രണ്ട് കുട്ടികളെ ഗര്‍ഭം ധരിച്ച് രണ്ടു ദിവസങ്ങളിലായി ഓരോ കുഞ്ഞിനും ജന്മം നല്‍കി. അത്ഭുതത്തോടെ കേട്ടിരിക്കാവുന്ന ഒരു കഥപോലയാണിതെങ്കിലും സംഭവം സത്യമാണ്. അലബാമയില്‍ നിന്നുള്ള 32 കാരിയായ യുവതിയായ കെല്‍സി ഹാച്ചറാണ് ഈ അപൂര്‍വ്വ ഭാഗ്യമുള്ള അമ്മ.
‘ഞങ്ങളുടെ അത്ഭുത ശിശുക്കള്‍ ജനിച്ചു!’ എന്നാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ പോസ്റ്റില്‍ കെല്‍സി കുറിച്ചത്.
കെല്‍സി ഹാച്ചറും ഭര്‍ത്താവ് കാലേബും ചൊവ്വാഴ്ച രാത്രി റോക്‌സി ലൈലയെന്ന ആദ്യ കുഞ്ഞിനേയും ബുധനാഴ്ച രാവിലെ റെബല്‍ ലേക്കനെന്ന രണ്ടാമത്തെ കുഞ്ഞിനെയും അലബാമയിലെ ബര്‍മിംഗ്ഹാം ഹോസ്പിറ്റലില്‍ (യുഎബി) വെച്ച് ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുകയായിരുന്നു. ഇവര്‍ക്ക് മറ്റു മൂന്നു കുട്ടികള്‍ക്കൂടിയുണ്ട്.
കുട്ടികള്‍ ജനിച്ചത് രണ്ട് ദിവസങ്ങളിലായതുകൊണ്ട് അവരുടെ ജന്മദിനവും വ്യത്യസ്ത ദിവസങ്ങളിലായിരിക്കും. പത്തുലക്ഷത്തില്‍ ഒരാള്‍ക്കു മാത്രം സംഭവിക്കാനുള്ള സാധ്യതയുള്ള ഡികാവിറ്ററി ഗര്‍ഭം എന്നറിയപ്പെടുന്ന അപൂര്‍വ അവസ്ഥയാണ് കെല്‍സിക്കുള്ളത്.
ഇവരുടെ ഗര്‍ഭധാരണം ഉയര്‍ന്ന അപകടസാധ്യതയുള്ളതായിരുന്നു. 20 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് രണ്ട് പെണ്‍കുഞ്ഞുങ്ങളും ജനിച്ചത്.













