
അബുദാബി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു. യുഎഇ, സൗദി, ഖത്തര്‍, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ഇസ്രയേലിലെ ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബ്ലിങ്കെന്‍ പ്രഖ്യാപിച്ചത്. ഇസ്രയേലില്‍ നിന്ന് അമേരിക്കയിലേക്ക് മടങ്ങുന്നതിന് മുമ്പ് ഈ രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കാനാണ് തീരുമാനം.
ഇസ്രായേലിനെതിരെ അപ്രതീക്ഷിതമായി വന്‍ ആക്രമണം നടത്തിയ ഹമാസിനു മേല്‍ ജിസിസി രാജ്യങ്ങളുടെ കൂടി പിന്തുണയോടെ സമ്മര്‍ദ്ദം ശക്തമാക്കുന്നതിനാണ് സന്ദര്‍ശനം.
ഇസ്രയേലിലും ഗസയിലും മരണസംഖ്യ 2,400 കടന്നിട്ടുണ്ട്. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തു. സംഘര്‍ഷം പടരുന്നത് തടയാന്‍ സന്ദര്‍ശനം നടത്തുന്ന എല്ലാ രാജ്യങ്ങളിലും സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുമെന്നും ബന്ദികളെ ഉടനടി നിരുപാധികം മോചിപ്പിക്കുന്നതിന് ഹമാസിന്റെ മേലുള്ള സ്വാധീനശക്തി ഉപയോഗപ്പെടുത്താന്‍ ഈ രാജ്യങ്ങളോട് ആവശ്യപ്പെടുമെന്നും ടെല്‍ അവീവില്‍ വാര്‍ത്താസമ്മേളനത്തില്‍ ബ്ലിങ്കെന്‍ വ്യക്തമാക്കിയിരുന്നു.