
ഡെറാഡൂൺ: ഉത്തരകാശിയിലെ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നുവീണ് 11 ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവർത്തനം അന്തിമഘട്ടത്തിൽ. ബുധനാഴ്ച രാത്രി 11.30ഓടെ തൊഴിലാളികൾക്കരികിൽ എത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഡ്രില്ലിങ് മെഷീൻ ഇരുമ്പുപാളിയിൽ ഇടിച്ചതിനെ തുടർന്ന് ബ്ലേഡ് തരാറിലായി. ഇത് രക്ഷാപ്രവർത്തനെത്തെ ചെറിയ രീതിയിൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
തടസ്സം നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. തുരങ്കത്തിൽ ഇനി 10 മീറ്ററോളം ഭാഗത്തു മാത്രമാണു പൈപ്പ് ഇടാനുള്ളത്. തടസ്സമുള്ള ഇരുമ്പുഭാഗം എൻഡിആർഎഫ് മുറിച്ചു നീക്കുന്നുണ്ട്. 9 കുഴലുകളാണു തുരങ്കത്തിലേക്കു സ്ഥാപിച്ചിട്ടുള്ളത്. രാത്രിയോടെ എല്ലാവരെയും പുറത്തെത്തിക്കാനാകും എന്നാണു പ്രതീക്ഷ.
Now @NDRFHQ gone inside the #SilkyaraTunnel, Senior official of #NDRF says “Wait and Watch” All good so far. @indiatvnews pic.twitter.com/7NAh0vWVwb
— Manish Prasad (@manishindiatv) November 22, 2023
പുറത്തെത്തുന്ന തൊഴിലാളികള്‍ക്ക് ചികിത്സാസംവിധാനമടക്കം എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു. 30 ആംബുലന്‍സുകള്‍ തുരങ്കത്തിന് സമീപം സജ്ജമാക്കിയിട്ടുണ്ട്. പുറത്തെത്തിച്ചശേഷം ഇവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. വലിയ പ്രശ്നമില്ലാത്തവരെ ജില്ലാ ആശുപത്രിയിൽ കാണിച്ചശേഷം വീട്ടിലേക്കു പോകാൻ അനുവദിക്കും. ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ഡൽഹി എയിംസ് ആശുപത്രിയിലേക്കു കൊണ്ടുപോകും. ഇതിനായി തുരങ്കത്തിനു സമീപത്തു ഹെലിപാഡ് സജ്ജമാക്കി.
കഴിഞ്ഞ 12ാം തീയതി ഞായറാഴ്ച പുലര്‍ച്ചെയാണ് 41 തൊഴിലാളികള്‍, മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്ന തുരങ്കത്തിനുള്ളില്‍ കുടുങ്ങിയത്. മണിക്കൂറുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഓക്‌സിജന്‍ സിലിണ്ടറുകളുടെ സഹായത്തോടയാണ് ഇവര്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചത്. എന്നാല്‍, അപ്രതീക്ഷിതമായി എത്തിയ മണ്ണിടിച്ചില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. പാറയും കോണ്‍ക്രീറ്റ് പാളികളും തകര്‍ന്നുവീണ് തുരങ്കത്തില്‍ നിന്ന് പുറത്തെത്താനുള്ള വഴിയടഞ്ഞു.