‘ഭായ് ഞാനിവിടെ കുടുങ്ങിയ കാര്യം അമ്മയോട് പറയരുത്, അമ്മ വിഷമിക്കും’; തുരങ്കത്തിലകപ്പെട്ട തൊഴിലാളി സഹോദരനോട് പറഞ്ഞത്

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സില്‍ക്യാര തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്ന് നാല്‍പതോളം തൊഴിലാളികള്‍ അകത്ത് കുടുങ്ങിയിട്ട് 150 മണിക്കൂറുകള്‍ പിന്നിടുകയാണ്. രക്ഷാപ്രവര്‍ത്തനം ഏഴാം ദിവസവും പുരോഗമിക്കുന്നതിനിടെ വലിയ പൊട്ടല്‍ ശബ്ദം കേട്ടതിനെ തുടര്‍ന്ന് രക്ഷാ ദൗത്യം താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ടണല്‍ വീണ്ടും തകരാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിയത്.

തുരങ്കത്തിനകത്ത് കുടുങ്ങിയ തൊഴിലാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ തൊഴിലാളികള്‍ നിരന്തരരം ആശയവിനിമയം നടത്തുകയും മരുന്നും അത്യാവശ്യ വസ്തുക്കളും എത്തിക്കുകയും ചെയ്യുന്നുണ്ട്. ഓരോ തവണ സംസാരിക്കുമ്പോഴും തൊഴിലാഴികള്‍ പ്രതീക്ഷയോടെ ചോദിക്കുന്നത് ഞങ്ങളെ എപ്പോള്‍ പുറത്തു കൊണ്ടുവരുമെന്നാണ്. തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന തന്റെ സഹോദരനോട് സംസാരിച്ചതിന്റെ അനുഭവം മാധ്യമപ്രവര്‍ത്തകരോട് പങ്കുവെക്കുകയാണ് വിക്രംസിംഗ് എന്നയാള്‍.

തൊഴിലാളികളും രക്ഷാപ്രവര്‍ത്തകരും തമ്മില്‍ നടത്തിയ ആശയവിനിമയത്തിനിടെയാണ് വിക്രംസിംഗിന് 25കാരനായ സഹോദരന്‍ പുഷ്‌കറിനോട് സംസാരിക്കാന്‍ അവസരം ലഭിച്ചത്. എനിക്ക് വളരെ കുറച്ച് സമയം മാത്രമാണ് അവനോട് സംസാരിക്കാന്‍ അവസരം ലഭിച്ചത്. ഞാന്‍ അവന്റെ ആരോഗ്യത്തെക്കുറിച്ച് ചോദിക്കുകയും പുറത്ത് നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് അവനോട് പറയുകയും ചെയ്തു. അവന്‍ അമ്മയെ ഓര്‍ത്താണ് വിഷമിക്കുന്നത്. ഏറ്റവും ഇളയ ആളായതിനാല്‍ അമ്മയ്ക്ക് അവന്‍ പ്രീയപ്പെട്ടതാണ്. ഞാനിവിടെ കുടുങ്ങിയ കാര്യം അമ്മയെ അറിയിക്കരുത് അമ്മ വിഷമിക്കും എന്നാണ് സഹോദരന്‍ പറഞ്ഞതെന്ന് വിക്രംസിംഗ് പറഞ്ഞു.

ചമ്പാവത്ത് ജില്ലയിലെ ചാനി ഗോത്ത് ഗ്രാമവാസിയായ വിക്രം തന്റെ സഹോദരനുമായി സംസാരിച്ചതിന് ശേഷം കരഞ്ഞുകൊണ്ടാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ജോലിസ്ഥലത്തായിരുന്ന വിക്രം വാര്‍ത്തയിലൂടെയാണ് തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ ഓടിയെത്തുകയായിരുന്നു. വീട്ടില്‍ വിവരം അറിയിച്ചിരുന്നില്ല. എന്നാല്‍ വിവരമറിഞ്ഞ അയല്‍ക്കാരില്‍ ചിലര്‍ ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചുവെന്നും അവര്‍ ആകെ തകര്‍ന്നിരിക്കുകയാണെന്നും വിക്രം പറഞ്ഞു.

നവംബര്‍ 12 ഞായറാഴ്ചയാണ് തുരങ്കം തകര്‍ന്നത്. ആദ്യം നാല്‍പത് തൊഴിലാളികളാണ് അകത്ത് കുടുങ്ങിയതെന്ന വിവരമാണ് ലഭിച്ചത്. എന്നാല്‍ 41 പേര്‍ അകത്തുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വായുവും വെളിച്ചവുമില്ലാത്ത തുരങ്കത്തിനുള്ളില്‍ ആറു ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ അതീവ ക്ഷീണിതരാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തൊഴിലാളികളുടെ മനോവീര്യം വര്‍ധിപ്പിക്കുന്നതിനായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.

More Stories from this section

family-dental
witywide