സിൽക്യാര തുരങ്ക അപകടം : രക്ഷ ഇനിയും അകലെ, പല വഴികളിൽ രക്ഷാശ്രമം

ഉത്തരകാശി : ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ തകർന്ന സിൽക്യാര തുരങ്കത്തിൽ എട്ടുദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. ഇതുവരെ നടത്തിയ എല്ലാ ശ്രമവും പരാജയപ്പെട്ടതോടെ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ വിവിധ പദ്ധതികള്‍ പരീക്ഷിക്കാൻ ഒരുങ്ങുകയാണ്‌ അധികൃതർ. അതിനിടെ മണ്ണിടിച്ചിലിനെ തുടർന്ന് നിർത്തിവച്ച രക്ഷാമാർഗം വീണ്ടും തുടരാൻ തീരുമാനിച്ചു. 30 മീറ്റർ കോടി തുരന്നാൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാമായിരുന്നു. എന്നാൽ തുരക്കൽ യന്ത്രം ലോഹപാളിയിൽ തട്ടി പണി തുടരാൻ പറ്റാതായതും പ്രദേശത്തുനിന്ന് വലിയ പൊട്ടൽ ശബ്ദമുണ്ടായതും മൂലം ആ ദൌത്യം മുടങ്ങുകയായിരുന്നു. എന്നാൽ അതു തന്നെ വീണ്ടും തുടങ്ങാനാണ് തീരുമാനം. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്ന്‌ കേന്ദ്രമന്ത്രി നിതിന്‍​ ​ഗഡ്കരി അറിയിച്ചിട്ടുണ്ട്.

കുന്നിന്‍ മുകളില്‍നിന്ന് ലംബമായി തുരന്ന് മറ്റൊരു തുരങ്കം നിർമിച്ച്‌ തൊഴിലാളികളെ പുറത്തെത്തിക്കുന്ന പദ്ധതിയും ഒപ്പം പുരോഗമിക്കുന്നുണ്ട്. തുരക്കാനുള്ള യന്ത്രങ്ങൾ എത്തിക്കാനുള്ള പാത (അപ്രോച്ച്‌ റോഡ്‌) നിർമാണം തുടങ്ങി. ഇന്ത്യൻ സൈന്യത്തിന്റെ നിർമാണ വിഭാഗം ബോർഡർ റോഡ്‌സ്‌ ഓർഗനൈസേഷനാ(ബിആർഒ)ണ്‌ ചുമതല. ഓഗർ മെഷീൻ ഉപയോഗിച്ച്‌ 900 മില്ലിമീറ്റർ പൈപ്പ്‌ കടത്താനുള്ള ശ്രമം പുരോഗമിക്കുന്നു. തുരങ്കത്തിന്റെ മുകളിൽനിന്ന്‌ അകത്തേക്കുള്ള സ്ഥലം തിട്ടപ്പെടുത്തേണ്ടതുണ്ട്‌. ഇതിന്‌ റോബോട്ടുകളെ ഉപയോഗിക്കുന്നതും പരിഗണനയിലുണ്ട്‌. ഇതിനായുള്ള അളവെടുക്കൽ പുരോഗമിക്കുന്നു. റെയിൽ വികാസ്‌ നിഗം ലിമിറ്റഡിനാണ്‌ ചുമതല.

ദീപാവലി ദിനത്തിലാണ്‌ ബ്രഹ്മഖല്‍  യമുനോത്രി ദേശീയപാതയിലെ സിൽക്യാര തുരങ്കത്തിൽ അപകടമുണ്ടായത്‌. 41 പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഒരാഴ്ച പിന്നിട്ടും തുരങ്കത്തിനുള്ളില്‍ കഴിയുന്നവരുടെ ആരോ​ഗ്യനില സംബന്ധിച്ച ആശങ്കയും ശക്തമാണ്‌. വലിയ പൈപ്പ്‌ വഴി വിറ്റാമിൻ ഗുളികകളും മാനസിക സമ്മര്‍ദം കുറയ്ക്കാനുള്ള മരുന്നുകളും പോഷകാഹാരങ്ങളും എത്തിച്ചുനൽകുന്നുണ്ടെന്ന്‌ അധികൃതർ പറഞ്ഞു. 

സമയം പോകുംതോറും കുടുങ്ങിക്കിടക്കുന്നവർ കൂടുതല്‍ ക്ഷീണിതരാവുകയാണെന്ന് അവരുമായി ആശയവിനിമയം നടത്തിയ കുടുംബാം​ഗങ്ങള്‍ പറഞ്ഞു.

Uttarkashi tunnel collapse : Govt has taken different action plans

More Stories from this section

family-dental
witywide