ഉത്തരകാശി ടണൽ ദുരന്തം: 60 -70 മീറ്റർ അടുത്ത് രക്ഷാസംഘം, പാറതുരന്ന് പൈപ്പിട്ട് അതുവഴി ആളുകളെ പുറത്തെത്തിക്കും

ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ചാർഥാം തീർഥാടന പാതയിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ ഇനിയും രക്ഷപ്പെടുത്താനായില്ല. 60- 70 മീറ്റർ അടുത്ത് വരെ രക്ഷാസംഘം എത്തിയിട്ടുണ്ട്. എന്നാൽ അവിടെ വരെ എത്താൻ ഇനിയും രണ്ടു ദിവസം കൂടി എടുത്തേക്കുമെന്ന് കേന്ദ്രമന്ത്രി വി.കെ. സിങ് അറിയിച്ചു.

‘ഉറപ്പില്ലാത്ത പാറ തുരക്കുന്നത് വെല്ലുവിളിയാണ്. ഒരുവശത്ത് തുരന്നാല്‍, മറുവശം ഇടിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇത് മുന്‍നിര്‍ത്തി വളരെ സൂക്ഷ്മമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.’- നാഷണല്‍ ഹൈവേസ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ അന്‍ഷു മനിഷ് ഖല്‍കോ പറഞ്ഞു.

ആറു ദിവസമായി ടണലിനുള്ളില്‍ കുടുങ്ങിയ നാല്‍പ്പത് തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. യുഎസ് നിർമിത അത്യാധുനിക ഡ്രില്ലിങ് മെഷിൻ എത്തിച്ച് പാറതുരുക്കുന്ന ജോലി പുരോഗമിക്കുകയാണ്. പാറ തുരന്ന് വലിയ പൈപ്പിട്ട് അതു വഴി കുടുങ്ങിക്കിടക്കുന്നവരെ ഇറക്കാനാണ് പദ്ധതി. കുടുങ്ങിക്കിടക്കുന്നവർക്ക് ഓക്സിജനും ഭക്ഷണവും മരുന്നും പൈപ്പ് വഴി എത്തിച്ചിട്ടുണ്ട്. അവരുമായി വോക്കിടോക്കി വഴി സംസാരിക്കുന്നുമുണ്ട്.

സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് തൊഴിലാളികളെ പുറത്തെത്തിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍, തായ്‌ലന്‍ഡ്, ഓസ്ട്രേലിയ, നോർവേ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ നിർദേശങ്ങൾ തേടിയിട്ടുണ്ട്. തായ്‌ലന്‍ഡില്‍ കുട്ടികളെ ഗുഹയില്‍ നിന്ന് രക്ഷിച്ച കമ്പനിയെ ബന്ധപ്പെട്ടിട്ടുണ്ട്.’ ഉത്തരകാശി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ക്രിതി പന്‍വര്‍ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടേ നേതൃത്വത്തിലാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. പാറ തുരന്ന് തൊഴിലാളികള്‍ക്ക് അരികിലേക്ക് എത്താനുള്ള ആദ്യശ്രമം വിജയം കണ്ടില്ല.

ഞായറാഴ്ച പുലര്‍ച്ചെയാണ്, അവര്‍ നാല്‍പ്പതുപേര്‍, എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികള്‍, മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്ന തുരങ്കത്തിനുള്ളില്‍ കുടുങ്ങിയത്. മണിക്കൂറുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഓക്‌സിജന്‍ സിലിണ്ടറുകളുടെ സഹായത്തോടയാണ് ഇവര്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചത്. എന്നാല്‍, അപ്രതീക്ഷിതമായി എത്തിയ മണ്ണിടിച്ചില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. പാറയും കോണ്‍ക്രീറ്റ് പാളികളും തകര്‍ന്നുവീണ് തുരങ്കത്തില്‍ നിന്ന് പുറത്തെത്താനുള്ള വഴിയടഞ്ഞു.

ഡല്‍ഹിയില്‍ നിന്ന് വ്യോമസേനയുടെ സഹായത്തടെ ഹൈ പവര്‍ ഡ്രില്ലിങ് മെഷീനുകള്‍ കൊണ്ടുവന്ന് പാറ തുരക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ‘ഞങ്ങളെ പുറത്തെത്തിക്കൂ’ എന്ന് തുരങ്കത്തില്‍ നിന്ന് ഉയര്‍ന്നുകേട്ടനിലവിളി നാട്ടുകാരുടേയു ബന്ധുക്കളുടേയും ശക്തമായ പ്രതിഷേധത്തിന് കാരണമായി.

അപകടം നടന്ന മേഖലയ്ക്ക് സമീപം ഭൂമികുലുക്കം അനുഭവപ്പെട്ടത് രക്ഷാപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെ വീണ്ടും മണ്ണിടിഞ്ഞത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായ ബാധിച്ചു. പാറ തുരന്നുണ്ടാക്കിയ ചെറിയ തുരങ്കത്തിലൂടെ പൈപ്പുകള്‍ കടത്തിവിട്ട് ഇതിലൂടെയാണ്, തൊഴിലാളികള്‍ക്ക് ഓക്‌സിജനും വെള്ളവും ഭക്ഷണവും എത്തിക്കുന്നത്. മെഡിക്കല്‍ സഹായത്തിനായി വിദഗ്ധരായ ഡോക്ടര്‍മാരേയും ഇവിടെ എത്തിച്ചിട്ടുണ്ട്. തുരങ്കത്തിന് സമീപം തന്നെ താൽകാലിക ആശുപത്രി സജ്ജീകരിച്ചു .

Uttarkashi Tunnel collapse Rescuers now 60-70 meters away, workers to be extracted through pipe

More Stories from this section

family-dental
witywide