
തിരുവനന്തപുരം: വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ കോടതി വിധി ഞെട്ടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നീതി തേടിയുള്ള ആ കുടുംബത്തിന്റെ യാത്രയില്‍ പ്രതിപക്ഷം ഒപ്പം ഉണ്ടാകും. കുടുംബത്തിന് എല്ലാ സഹായവും നല്‍കും. ഇന്നു തന്നെ വണ്ടിപ്പെരിയാറില്‍ എത്തി കുട്ടിയുടെ കുടുംബത്തെ കണ്ട് ബാക്കിയുള്ള നിയമനടപടികള്‍ക്കു വേണ്ടിയുള്ള എല്ലാ സഹായവും നല്‍കും. പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഇന്ന് വണ്ടിപ്പെരിയാറില്‍ പ്രതിഷേധ സംഗമം ഉണ്ടാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
സിപിഐഎം ജില്ലാ നേതൃത്വമാണ് കേസ് അട്ടിമറിച്ചതെന്നും വിഡി സതീശന്‍ ആരോപിച്ചു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരാളെ രക്ഷപ്പെടുത്തുവാനുള്ള ശ്രമമാണ് നടന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ സംഭവം നടന്ന് പിറ്റേ ദിവസമാണ് സംഭവസ്ഥലത്ത് എത്തിയത് എന്ന വിധിന്യായത്തിലെ പ്രസ്താവന തന്നെ എത്ര ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്തത് എന്നതിന് ഉദാഹരണമാണ്. ദൃക്‌സാക്ഷി ഇല്ലാത്ത കേസാണ്, എന്നിട്ടും മതിയായ ശാസ്ത്രീയ തെളിവുകളോ സാഹചര്യ തെളിവുകളോ പൊലീസ് ശേഖരിച്ചില്ല.
അന്വേഷണത്തിലെ പാളിച്ചകള്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രാഥമിക തെളിവുകള്‍ ശേഖരിച്ചില്ല. പിന്നീട് തെളിവുകള്‍ സംഘടിപ്പിക്കുകയായിരുന്നു. ആറ് വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട കേസ് എത്ര ലാഘവത്തോടെയാണ് കേരള പൊലീസ് കൈകാര്യം ചെയ്തത്? പാര്‍ട്ടിക്കാരനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. തെളിവുകള്‍ കൃത്യമായി ഹാജരാക്കിയില്ല. ഗവണ്‍മെന്റും പൊലീസും സ്വന്തം ആളുകള്‍ക്കു വേണ്ടി എന്തും ചെയ്തു കൊടുക്കും എന്നതിന്റെ തെളിവാണ് ഇത് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.










