തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും എതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. അമ്മായിയച്ഛൻ മുഖ്യമന്ത്രിയായതുകൊണ്ട് മന്ത്രിയായ ആളല്ല താനെന്നും റിയാസ് റിയാസിന്റെ പണി നോക്കണമെന്നും മുരളീധരൻ പരിഹസിച്ചു.
മന്ത്രിയെന്ന നിലയിൽ സിപിഎമ്മിന്റെ നന്മയ്ക്ക് വേണ്ടിയല്ല, മറിച്ച് കേരളത്തിന്റെ നന്മയ്ക്ക് വേണ്ടി എല്ലാ കാര്യവും ചെയ്തിട്ടുണ്ട്. സിപിഎം കേരളത്തിന് വിനാശകാരിയായിട്ടുള്ള സർക്കാറും പ്രത്യയശാസ്ത്രവുമാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അതിനാൽ, സിപിഎമ്മിനെ ഇല്ലാതാക്കാൻ തന്നെയാണ് ശ്രമമെന്നും ലോകം മുഴുവൻ കമ്മ്യൂണിസം നാശമേ ഉണ്ടാക്കിയിട്ടുള്ളൂവെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
മുഹമ്മദ് റിയാസും അമ്മായിയച്ഛനും കൂടി നടത്തുന്ന വികസനം കണ്ടിട്ട് ജനങ്ങൾക്ക് റോഡിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ശബരിമലയിൽ കൊടുത്ത 95 കോടി എന്തു ചെയ്‌തെന്നാണു ടൂറിസം മന്ത്രി ആദ്യം പറയേണ്ടത്. ദേശീയപാത വികസനം കേന്ദ്രസർക്കാർ നടത്തുന്നു. വഴിയിൽ അമ്മായിയച്ഛന്റെയും മരുമകന്റെയും ബോർഡ് വച്ചിട്ട് ഇതു മുഴുവൻ ഞാനാണു നടത്തിയതെന്നു പറയുന്നതുപോലത്തെ വികസനത്തിനു ഞാൻ ശ്രമിച്ചിട്ടില്ല. വിദേശകാര്യ വകുപ്പിന്റെ സഹമന്ത്രിയെന്ന നിലയിൽ ചെയ്യാൻ കഴിയുന്ന എല്ലാ തരത്തിലുമുള്ള പ്രവർത്തനം കേരളത്തിന്റെ നന്മയ്ക്കുവേണ്ടി ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.