
തിരുവനന്തപുരം: സംസ്‌കാരമുള്ള ഒരാളുടെ വായില്‍ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നുണ്ടാകുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി.
എസ്എഫ്ഐ വിദ്യാര്‍ത്ഥികളെ ബ്ലഡി ക്രിമിനല്‍സ് എന്നാണ് ഗവര്‍ണര്‍ വിളിച്ചത്. പൊലീസിനെ ഷെയിംലെസ്സ് പീപ്പിള്‍ എന്നാണ് സംബോധന ചെയ്തത്. സ്വാതന്ത്ര്യ സമരത്തിലും ജനാധിപത്യ പോരാട്ടങ്ങളിലും നവോത്ഥാന മുന്നേറ്റത്തിലും വര്‍ഗീയതക്കെതിരെയും നിരവധി പോരാട്ടങ്ങള്‍ നടത്തി രക്തസാക്ഷികള്‍ ആയവരുടെ നാടായ കണ്ണൂരിനെ ബ്ലഡി കണ്ണൂര്‍ എന്നാണ് വിശേഷിപ്പിച്ചതെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരിണിതപ്രജ്ഞനായ വ്യക്തിയല്ലെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരളം ബഹുമാനിക്കുന്ന, ചരിത്രം സൃഷ്ടിച്ച് തുടര്‍ഭരണം നേടിയ കേരള മുഖ്യമന്ത്രിയ്ക്കെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്തിയ വ്യക്തിയാണ് ഗവര്‍ണര്‍. ഭരണഘടനാ പദവിയിലുള്ള ഒരാളില്‍ നിന്നുണ്ടാകേണ്ട പരാമര്‍ശങ്ങള്‍ ആണോ ഇവയെന്നും മന്ത്രി ചോദിച്ചു.
ഗവര്‍ണര്‍ എന്ന നിലയിലും ചാന്‍സലര്‍ എന്ന നിലയിലും പരിണിതപ്രജ്ഞനായ വ്യക്തിയല്ല ഇദ്ദേഹമെന്നും ശിവന്‍കുട്ടി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ഗവര്‍ണര്‍ പരിണിത പ്രജ്ഞനാണെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ശിവന്‍കുട്ടിയുടെ പരോക്ഷവിമര്‍ശനം.










