‘ഇന്നൊരൽപം ക്ഷീണിതൻ, അച്ഛനോടൊത്തുള്ള ഓരോ ഓണവും ആഹ്ളാദകരം’; വിഎസിന്‍റെ ചിത്രവുമായി മകൻ അരുൺ

തിരുവനന്തപുരം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്.അച്യുതാനന്ദന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ഓണാശംസ നേര്‍ന്ന് മകൻ ഡോ. വി.എ.അരുൺ കുമാർ. തിരുവോണ ദിനമായ ചൊവ്വാഴ്ചയായിരുന്നു അരുൺ ചിത്രം പങ്കുവച്ചത്.

“അച്ഛനോടൊത്തുള്ള ഓരോ ഓണവും ആഹ്ലാദകരമാണെന്നും ഇന്നൊരൽപം ക്ഷീണിതനെങ്കിലും അദ്ദേഹത്തിന്‍റെ സാന്നിധ്യം ഊർജദായകമാണെ”ന്നും ചിത്രം പങ്കുവച്ചുകൊണ്ട് അരുണ്‍കുമാര്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു.

പ്രായാധിക്യം മൂലം ഔദ്യോഗിക പരിപാടികളെല്ലാം ഒഴിവാക്കി വിശ്രമത്തില്‍ കഴിയുന്ന വിഎസിനെ കുറിച്ചുള്ള വിവരങ്ങള്‍ മകന്‍ അരുണ്‍കുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ മുന്‍പും പങ്കുവെച്ചിട്ടുണ്ട്. ഭാര്യയോടൊപ്പം തിരുവനന്തപുരം ബാർട്ടൺ ഹില്ലിൽ മകൻ അരുൺ കുമാറിന്റെ വീട്ടിലാണ് ഏറെ നാളുകളായി വി.എസ് താമസിക്കുന്നത്.

വിശ്രമത്തിൽ കഴിയുന്ന വിഎസ് ഇപ്പോൾ ആരെയും നേരിട്ടു കാണുന്നില്ല. ഈ വർഷം ഒക്ടോബറിൽ വിഎസിനു നൂറു വയസ്സു തികയും. ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20നാണ് വിഎസിന്റെ ജനനം.

Summary: VA Arunkumar Share Picture of VS Achuthanandan with Onam Wishes