
കൊച്ചി: വൈഗകൊലക്കേസില്‍ പ്രതി സനുമോഹന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചുവെങ്കിലും കോടതി വാദം തള്ളി. സനുമോഹന് മേല്‍ ചുമത്തിയ എല്ലാവകുപ്പുകളും കോടതി ശരിവെച്ചു.
2021 മാര്‍ച്ച് 21നാണ് വൈഗയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്വന്തം പിതാവ് തന്നെയായിരുന്നു കുട്ടിയെ കൊലപ്പെടുത്തിയത്. ആലപ്പുഴയിലെ ബന്ധുവീട്ടിലായിരുന്ന കുട്ടിയെ പിതാവ് എറണാകുളം കങ്ങരപ്പടിയിലെ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഇവിടെയത്തിച്ച ശേഷം കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പിന്നീട് മൃതദേഹം മുട്ടാര്‍ പുഴയില്‍ ഉപേക്ഷിച്ച് പ്രതി സ്ഥലം വിടുകയായിരുന്നു.
ഫോണുകള്‍ ഉപേക്ഷിച്ച ശേഷമായിരുന്നു പ്രതി കടന്നു കളഞ്ഞത്. തുടക്കത്തില്‍ മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തിരിക്കാമെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കണ്ടെത്തുകയായിരുന്നു. ഗോവ, കോയമ്പത്തൂര്‍, മൂകാംബിക തുടങ്ങിയ ഇടങ്ങളില്‍ ഒളിവില്‍ താമസിച്ച സനു മോഹനെ കര്‍ണാടക പൊലീസ് കാര്‍വാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നത് എന്നും ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമായിരുന്നു സനു മോഹന്റെ കുറ്റസമ്മത മൊഴി. 98 സാക്ഷികളെ പ്രൊസിക്യൂഷന്‍ വിസ്തരിച്ചിരുന്നു.














