ആദ്യ സിനിമ പൂര്‍ത്തിയാക്കി, ഡബ്ബിംഗ് മാത്രം ബാക്കി നില്‍ക്കെ അച്ഛന്റെ കൈകൊണ്ട് അന്ത്യം;ഓര്‍മ്മകളില്‍ വൈഗ

രണ്ടു വര്‍ഷം മുന്‍പാണ് വൈഗയെന്ന പത്തു വയസ്സുകാരി സ്വന്തം അച്ഛന്റെ കൈകള്‍ കൊണ്ട് കൊല്ലപ്പെട്ടത്. സിനിമയില്‍ അരങ്ങേറ്റം കുറിച്ചതിനു തൊട്ടു പിന്നാലെയാണ് വൈഗയുടെ ദാരുണാന്ത്യം. ജീവിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ വൈഗ ഇന്ന് അറിയപ്പെടുന്നൊരു ബാലതാരമായിരുന്നേനെ. ആദ്യവും അവസാനവുമായി വൈഗ അഭിനയിച്ച സിനിമയാണ് ചിത്രഹാര്‍.

ചിത്രഹാര്‍ എന്ന സിനിമയിലൂടെയാണ് വൈഗ അഭിനയത്തിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങിയത്. നാലുസംവിധായകരുടെ കഥകള്‍ കോര്‍ത്തിണക്കി ഒരുങ്ങുന്ന സിനിമയാണ് ‘ചിത്രഹാര്‍. ഇതില്‍ പുതുമുഖ സംവിധായകനായ ഷാമോന്‍ നവരംഗ് സംവിധാനം ചെയ്യുന്ന ബില്ലിയിലാണ് വൈഗ അഭിനയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ഡബ്ബിങ് തുടങ്ങാനിരിക്കെയാണ് വൈഗയുടെ അപ്രതീക്ഷിത മരണം.

2021 മാര്‍ച്ച് 21നാണ് വൈഗയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്നു തന്നെയാണ് ഭര്‍ത്താവ് സനുമോഹനെയും മകള്‍ വൈഗയേയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ രമ്യ പൊലീസില്‍ പരാതി നല്‍കുന്നതും. ആലപ്പുഴയിലെ ബന്ധുവീട്ടിലായിരുന്ന കുട്ടിയെ പിതാവ് സനുമോഹനന്‍ എറണാകുളം കങ്ങരപ്പടിയിലെ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഇവിടെയത്തിച്ച ശേഷം കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പിന്നീട് മൃതദേഹം മുട്ടാര്‍ പുഴയില്‍ ഉപേക്ഷിച്ച് പ്രതി സ്ഥലം വിടുകയായിരുന്നു.

ഫോണുകള്‍ ഉപേക്ഷിച്ച ശേഷമായിരുന്നു പ്രതി കടന്നു കളഞ്ഞത്. തുടക്കത്തില്‍ മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തിരിക്കാമെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കണ്ടെത്തുകയായിരുന്നു. ഗോവ, കോയമ്പത്തൂര്‍, മൂകാംബിക തുടങ്ങിയ ഇടങ്ങളില്‍ ഒളിവില്‍ താമസിച്ച സനു മോഹനെ കര്‍ണാടക പൊലീസ് കാര്‍വാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നത് എന്നും ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമായിരുന്നു സനു മോഹന്റെ കുറ്റസമ്മത മൊഴി. മകളെ കൊലപ്പെടുത്തിയ ശേഷം നാടു വിട്ട പ്രതി സിനിമകള്‍ കണ്ടും ബാറിലും ചൂതാട്ട കേന്ദ്രങ്ങളിലുമായി അടിച്ചു പൊളിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു.

More Stories from this section

family-dental
witywide